മാലിന്യനിക്ഷേപ കേന്ദ്രമായി സ്റ്റുഡിയോ റോഡ്
text_fieldsനേമം: നേമം വാര്‍ഡിലെ സ്റ്റുഡിയോ റോഡില്‍ നാട്ടുകാർക്ക് ശാപമായി മാലിന്യനിക്ഷേപം. ഏതൊക്കെ സ്ഥലങ്ങളില്‍ നിന്നാണ് ആളുകൾ ഇവിടെ മാലിന്യം കൊണ്ടിടുന്നതെന്ന് നാട്ടുകാര്‍ക്കുപോലും അറിയില്ല. റെയില്‍വേ ലൈന്‍ കടന്നുപോകുന്ന ഭാഗത്തിന് മുകളില്‍ ഒഴിഞ്ഞ സ്ഥലത്തായി നഗരസഭ പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനുള്ള രണ്ടു കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുള്ളിലാകെ പ്ലാസ്റ്റിക് കവറുകളിലാക്കിയ അറവുമാലിന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളുമാണ്. രണ്ടും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലും.
മാസങ്ങളായി തുടരുന്ന മാലിന്യനിക്ഷേപത്തിന് പിന്നിലുള്ളവരെ പിടികൂടുന്നതിനുവേണ്ടി ഇപ്പോള്‍ പ്രദേശവാസികള്‍ രാപ്പകലില്ലാതെ ഈ ഭാഗത്ത് കാവല്‍ നില്‍ക്കുകയാണെന്ന് വെള്ളായണി സ്വദേശി സലീം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് മാലിന്യനിക്ഷേപകരെ കൈയോടെ പിടികൂടിയെന്ന് സ്റ്റഡിയോ റോഡില്‍ താമസിക്കുന്ന അമ്പിളിയും പറയുന്നു. റെയില്‍വേ പുറമ്പോക്കിന്റെ വശങ്ങളില്‍ കാടുപിടിച്ചുകിടക്കുന്ന ഭാഗത്ത് വലിയ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യമാണ് കാണാന്‍ സാധിക്കുന്നത്. പകല്‍സപോലും ഈ ഭാഗത്ത് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും രാത്രിയായാല്‍ ഈച്ചയും കൊതുകും ദുര്‍ഗന്ധവും മൂലം ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് പ്രദേശവാസികളുടെ പരിദേവനം.
നഗരസഭയുടെ പ്ലാസ്റ്റിക്-പാഴ്‌വസ്തു ശേഖരണ കൂടുകള്‍ ഇവിടെനിന്നു മാറ്റിയാല്‍ മാത്രമേ മാലിന്യനിക്ഷേപത്തിന് അല്‍പ്പമെങ്കിലും അറുതിയാകുകയുള്ളൂ. പ്രധാന റോഡില്‍ നിന്ന് ഉള്ളിലേക്കായതിനാല്‍ രാത്രിയിലെ മാലിന്യനിക്ഷേപം നാട്ടുകാര്‍ക്ക് പിടികൂടാനാകാത്ത അവസ്ഥയാണ്. സ്ഥലത്തു ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. റോഡിലെ വന്‍ മാലിന്യപ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണുമെന്ന് നേമം വാര്‍ഡ് കൗണ്‍സിലര്‍ യു. ദീപിക പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള കൂടുതല്‍ എടുത്തുമാറ്റുന്നതിന് തിരുവനന്തപുരം നഗരസഭാ അധികൃതരോട് ആവശ്യപ്പെടും. പുറമ്പോക്കിലുള്ള മാലിന്യനിക്ഷേപം ഇല്ലാതാക്കുന്നതിന് ക്യാമറകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.