മറക്കില്ലൊരിക്കലും ആ വാക്കുകൾ..
text_fieldsനേമം: 'കുടിക്കുന്ന ജലം, ശ്വസിക്കുന്ന വായു, എന്തിനേറെ.. ഈ മണ്ണിനെപ്പോലും മലിനമാക്കുന്ന ചവര്‍ ഫാക്ടറി അടച്ചുപൂട്ടുക തന്നെ വേണം' -2012 ഒക്ടോബര്‍ 16ന് വിളപ്പില്‍ശാലയില്‍ തടിച്ചുകൂടിയ പുരുഷാരത്തെ നോക്കി മലയാളത്തിന്റെ കവയത്രി സുഗതകുമാരി പറഞ്ഞ വാക്കുകളാണിത്. തിങ്കളാഴ്ച സുഗതകുമാരിയുടെ നാലാം ചരമവാര്ഷികദിനമെത്തുമ്പോഴും മനസ്സില്‍ മായാതെ കിടക്കുന്ന ആ മുഖവും വാക്കുകളും ഓര്‍ത്തെടുക്കുകയാണ് വിളപ്പില്‍ശാലക്കാര്‍.
നഗരസഭയുടെ ചവര്‍ സംസ്കരണ ഫാക്ടറിക്കെതിരെ 2010ലാണ് വിളപ്പില്‍ ജനത സമരമുഖത്തെത്തിയത്. രണ്ട് വര്‍ഷം നീണ്ടു നിന്നു റിലേ നിരാഹാര സമരം. സര്‍ക്കാര്‍ വിളപ്പില്‍ശാലക്കാരുടെ അതിജീവന പോരാട്ടം കണ്ടില്ലെന്ന് നടിച്ചു.
ഒടുവില്‍ 2012 ഒക്ടോബര്‍ 13ന് വിളപ്പില്‍ പഞ്ചായത്തില്‍ സമര സമിതിക്കാര്‍ അനിശ്ചിതകാല ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ, കടകമ്പോളങ്ങള്‍ അടച്ചിട്ട് തീവ്രമായൊരു സമരം. ഹര്‍ത്താല്‍ ആരംഭിച്ച് മൂന്നാംനാള്‍ സര്‍ക്കാറിന് മനംമാറ്റമുണ്ടായി. സമരാവേശത്തില്‍ തെരുവിലിറങ്ങിയ നാട്ടുകാരോട് സമവായ ചര്‍ച്ചക്ക് സര്‍ക്കാര്‍ അന്ന് നിയോഗിച്ചത് സുഗതകുമാരിയെ.
വിളപ്പില്‍ശാല ക്ഷേത്ര ജങ്ഷനിലെ സമരപ്പന്തലിലെത്തിയ കവയത്രി കണ്ടത്, കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങള്‍ തെരുവിലിരിക്കുന്ന കാഴ്ച. അവര്‍ ഉറക്കെപ്പറഞ്ഞു- 'ഇത് അതിജീവനത്തിനായി പോരാടുന്ന ഒരു ജനതയുടെ സമരം. ലോകം കണ്ട ലക്ഷണമൊത്ത സമരമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. എന്റെ ധാര്‍മ്മിക പിന്തുണ നിങ്ങള്‍ക്കുണ്ടാവും’. വിളപ്പില്‍ശാലയുടെ നൊമ്പരം സുഗതകുമാരി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചു.
പിറ്റേന്ന് മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ചക്ക് തയാറായി. ഇനി വിളപ്പില്‍ശാലയിലേക്ക് ചവര്‍ വണ്ടികള്‍ വരില്ലെന്ന ഉറപ്പിന്മേലാണ് അന്ന് ഹര്‍ത്താല്‍ പിന്‍വലിച്ചത്. 2013ല്‍ ഹരിതകോടതി വിധിയെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടി. സുഗതകുമാരി 12 വര്‍ഷം മുമ്പ് വന്നിരുന്നു പ്രസംഗിച്ചിടത്ത് ഒരു ബോധി വൃക്ഷം ഇന്നും തലയുയര്‍ത്തി നില്ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.