ആഗ്രഹം ബാക്കിയാക്കി ദമ്പതികള്‍ വിടപറഞ്ഞു; മക്കള്‍ സ്നേഹത്തണലിലുറങ്ങും...
text_fieldsനേമം: കയറിക്കിടക്കാന്‍ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കവേ ജീവന് നഷ്ടപ്പെട്ട ദമ്പതികളുടെ മക്കള്‍ പക്ഷേ, ഇനി സുരക്ഷിതര്‍. കരമന നെടുങ്കാട് സോമന്‍നഗര്‍ സ്വദേശികളായ ബാബുവിന്റെയും (55) ഭാര്യ ബേബിയുടെയും (50) ജീവന് വിധി കവർന്നെങ്കിലും അവരുടെ മക്കള്‍ ഇപ്പോള്‍ സുരക്ഷിതസ്ഥാനത്തായി. ന്യൂറോ സംബന്ധമായ രോഗം ബാബുവിനെ വേട്ടയാടിയപ്പോള്‍ ബേബിയുടെ ജീവൻ കവർന്നത് അർബുദമായിരുന്നു.
അടച്ചുറപ്പില്ലാത്ത, മേല്‍ക്കൂര ചോരുന്ന വീട്ടിലായിരുന്നു രണ്ടുപെണ്‍മക്കളുടെയും ജീവിതം. കരളലിയിക്കുന്ന ജീവിതം നേരില്‍ കണ്ട നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് വിഷയത്തില്‍ ഇടപെട്ടു. അതേസമയം രേഖകള്‍ ശരിയായിരുന്നില്ല എന്നതുകൊണ്ട് മെയിന്റനന്‍സ് ലിസ്റ്റില്‍പെടുത്തി വീട് പുനര്‍നിര്‍മിക്കാന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെ റോട്ടറി ക്ലബ് ഭാരവാഹികളുടെ സഹായത്തോടുകൂടി വീടിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. അഞ്ച് ലക്ഷത്തോളം രൂപ ചെലവിലായിരുന്നു ഇത്. എന്നാല്‍ നിര്‍മാണഘട്ടത്തില്‍ തന്നെ വിധി ദമ്പതികളുടെ ജീവന് കവർന്നു. രണ്ട് പെണ്മക്കളും ഒറ്റപ്പെട്ട അവസ്ഥയിലായി.
ദൂരസ്ഥലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കളായിരുന്നു ഇവരുടെ അഭയ കേന്ദ്രം. വാര്‍ഡ് കൗണ്‍സിലര്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയതോടുകൂടി അടച്ചുറപ്പില്ലാത്ത വീടിന് മേല്‍ക്കൂരയും മറ്റ് സംവിധാനങ്ങളുമായി. ഒടുവില്‍ വാര്‍ഡ് കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ റോട്ടറി ക്ലബ് ഭാരവാഹികള്‍ ദമ്പതികളുടെ ഇളയ മകള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.
തങ്ങളുടെ മക്കള്‍ സുരക്ഷിതരാകും എന്ന ഉറച്ചവിശ്വാസത്തിലാണ് ദമ്പതികള്‍ ഈ ലോകത്തുനിന്ന് വിടവാങ്ങിയത്. കുടുംബത്തിന് സുരക്ഷിതമായ വീട് ഒരുക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് വാര്‍ഡ് കൗണ്‍സിലര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.