നേമം അടിപ്പാതയില്‍ ഊറ്റുജലത്തിന്റെ ഒഴുക്ക് വർധിക്കുന്നു
text_fieldsനേമം: നേമം ഗവ. യു.പി.എസ്, വിക്ടറി ബോയ്സ് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്ക് ഹൈവേ കടക്കുന്നതിനായി 2015ല്‍ നിര്‍മിച്ച അടിപ്പാതയിലെ ഊറ്റുജലത്തിന്റെ ഒഴുക്ക് വർധിക്കുന്നു. വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേരുന്ന ജലത്തിന്റെ ഒഴുക്കാണ് മുന്‍കാലങ്ങളിലെ അപേക്ഷിച്ച് കൂടിയിരിക്കുന്നത്. അടിപ്പാതയുടെ ഒരുഭാഗം നടപ്പാതയും മറുഭാഗം ഊറ്റുജലം ശേഖരിക്കുന്നതിനുള്ള ഭാഗവുമാണ്. ഇവിടെ നിറയുന്ന ജലം ഒരാഴ്ചയോ രണ്ടാഴ്ചയോ കൂടുമ്പോള്‍ പമ്പ് ചെയ്തുകളയുകയാണ് പതിവ്. വെള്ളം കൂടുന്ന അവസരങ്ങളില്‍ ഇവ റോഡിലൂടെ കടത്തിവിടുന്നത് റോഡ് തകരുന്നതിന് കാരണമാകുന്നുണ്ട്.
ഊറ്റുവെള്ളം അമിതമാകുമ്പോള്‍ പ്രത്യേക ഓട നിര്‍മിച്ച് ഗവ. സ്കൂളിന്റെ പിറകുവശത്തെ ഏലായിലേക്ക് കളയുന്നതിനുള്ള പദ്ധതി മുമ്പ് ഫെഡറേഷന് ഓഫ് െറസി. അസോസിയേഷന് നേമം സെക്ടര്‍ (ഫ്രാന്‍സ്) മുന്നോട്ടുവെച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. ഓടയിലൂടെ വെള്ളം കടത്തിവിടുന്ന പദ്ധതിയെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഗോപനും പറയുന്നു. വേനല്സമയങ്ങളില് ഊറ്റുവെള്ളം അടിപ്പാതയില്‍ നിറഞ്ഞ് കൂടുതല്‍ സമയം കെട്ടിനില്‍ക്കുന്നത് ചുറ്റുപാടും ദുര്‍ഗന്ധത്തിന് കാരണമാകും. അടിപ്പാതക്കുള്ളില്‍ ചില അവസരങ്ങളില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക്കും പേപ്പര്‍ മാലിന്യവും കെട്ടിക്കിടന്ന് വെള്ളം മലീമസമാകുന്നുണ്ട്.
ഊറ്റുവെള്ളം പിടിച്ചെടുക്കുന്നതിനുവേണ്ടി അടിപ്പാതയുടെ ഒരുഭാഗത്തായി ചെറിയ മെറ്റലുകള്‍ വിതറിയിട്ടുണ്ട്. പക്ഷേ, ഇത് പ്രായോഗികമാകാതെ ഊറ്റുവെള്ളം ഒരുസ്ഥലത്തുമാത്രമായി കെട്ടിനില്ക്കുന്നതിനിടയാക്കുന്നു. അടിപ്പാതയുടെ മുകള്‍വശം ചോർന്ന് മഴയില്ലാത്ത അവസരങ്ങളിലും വിടവുകളിലൂടെ വെള്ളം താഴേക്ക് വീഴുകയാണ്.അടിപ്പാതയില്‍ കുന്നുകൂടുന്ന ജലം പുറത്തേക്ക് കളയുന്നതിന് സുരക്ഷിതമായ സംവിധാനം ഒരുക്കണമെന്നതാണ് ഫ്രാന്‍സിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.