ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവന്നയാൾ പിടിയിൽ
text_fieldsനേമം: ബംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽനിന്ന് ലഹരി മരുന്നായ എം.ഡി.എം.എ കേരളത്തിലേക്ക് കൊണ്ടുവന്നയാളെ കരമന പോലീസ് പിടികൂടി. കൈമനത്ത് രോഹിണി അപ്പാർട്മെന്റിൽ താമസിച്ചുവരുന്ന വിവേക് (23) ആണ് പിടിയിലായത്.
കുറച്ചുനാൾ മുമ്പ് കരമന സ്റ്റേഷൻ പരിധിയിൽ കിള്ളി ടൂറിസ്റ്റ് ഹോമിൽനിന്ന് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ വിവേക് പിടിയിലായത്.
തകരപ്പറമ്പിൽ മൊബൈൽ സർവിസ് സെന്റർ നടത്തുകയാണ് വിവേക്. മൊബൈലിന്റെ സ്പെയർ പാർട്സ് വാങ്ങാൻ ബാംഗ്ലൂരിൽ പോകുന്നതിനൊപ്പം എം.ഡി.എം.എ കടത്തിക്കൊണ്ടു വരികയാണ് ചെയ്യുന്നത്. ഇയാൾ തന്റെ കാറിലാണ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് എത്തുന്നത്.
അവിടെനിന്ന് മൊബൈലിന്റെ സ്പെയർ പാർട്സുകൾ വാങ്ങിയശേഷം അതിൽ ചിലതിന്റെ കവറുകൾ ഒഴിവാക്കി അതിനുള്ളിൽ എം.ഡി.എം.എ നിറക്കും. ഓരോ തവണയും മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്ന് തിരുവനന്തപുരത്ത് എത്തിച്ചുവന്നിരുന്നെന്നാണ് കണക്ക്. ഇവ കവറുകളിലാക്കി ചില്ലറ വിൽപന നടത്തുകയാണ് ഇയാളുടെ രീതി.
ഫോർട്ട് എ.സി എസ്. ഷാജിയുടെ നിർദേശാനുസരണം കരമന സി.ഐ സുജിത്ത്, എസ്.ഐ സുനിത് കുമാർ, സി.പി.ഒമാരായ ഹരീഷ്, ശ്രീനാഥ്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.