നാട്ടുകാർക്ക് നിത്യ തലവേദന സൃഷ്ടിക്കുന്ന കുരങ്ങുകളെ പിടികൂടാൻ മുന്നിട്ടിറങ്ങി വാർഡ് അംഗം
text_fieldsനേമം: മൂക്കുന്നിമലയിൽ നിന്ന് ആഹാരം അന്വേഷിച്ചെത്തുന്ന കുരങ്ങുകൾ വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ ചില്ലറയല്ല. ഗതികേടിലായ നാട്ടുകാർ പഞ്ചായത്തിനെയും വാർഡ് അംഗത്തെയും അറിയിച്ചു. ഒടുവിൽ പിടിയിലായത് 1750 കുരങ്ങുകൾ. ഇവ ഇപ്പോൾ കല്ലാർ വനമേഖലയിൽ സ്വശ്ചന്തം സഞ്ചരിക്കുന്നു.. !
വിളവൂർക്കൽ പഞ്ചായത്ത് പരിധിയിലെ മൂലമൺ, വേങ്കൂർ, മലയം, തുടുപ്പോട്ടുകോണം എന്നീ വാർഡുകളിൽ രൂക്ഷമായിരിക്കുന്ന കുരങ്ങ് ശല്യം ഇല്ലാതാക്കുന്നതിനാണ് മൂലമൺ വാർഡ് അംഗം സി. ഷിബു മുന്നിട്ടിറങ്ങിയിരിക്കുന്നത്. 2015 മുതൽ വിളവൂർക്കൽ പഞ്ചായത്തിൽ കുരങ്ങുശല്യം ഉണ്ടായിരുന്നെങ്കിലും 2020 മുതലാണ് ഇത് രൂക്ഷമായത്. അന്ന് മന്ത്രി കെ. രാജു ഇടപെട്ട് നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകിയിരുന്നു.
വർഷങ്ങൾക്കിപ്പുറം ഊണും ഉറക്കവും നഷ്ടപ്പെട്ട ജനങ്ങൾ പരിതാപകരമായ അവസ്ഥയിലാണ്. വസ്ത്രങ്ങൾ പുറത്തിടാൻ വയ്യ, കുരങ്ങുകൾ അവ അടിച്ചുമാറ്റും. വീടുകൾക്കാകെ നാശ നഷ്ടം വരുത്തും. വീടുകളിൽ നിന്ന് ആഹാരവുമെടുത്ത് ഓടും. മരച്ചീനി, വെണ്ട കൃഷി ഉൾപ്പെടെയുള്ളവ നശിപ്പിക്കും. വിളവൂർക്കൽ പഞ്ചായത്ത് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചുമായി സഹകരിച്ച് കുരങ്ങുകളെ പിടികൂടുന്നതിനുള്ള കൂടുകൾ അവിടവിടെ സ്ഥാപിച്ചിട്ടുണ്ട്.
പിടിയിലാകുന്ന കുരങ്ങുകളെ വനംവകുപ്പ് അധികൃതർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിനും മുൻകൈയെടുക്കുന്നത് വാർഡ് അംഗമാണ്. മലയിടിച്ച് നിരപ്പാക്കുന്നതും അനധികൃത കയ്യേറ്റവും മറ്റുമാണ് കുരങ്ങുകളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതും അവക്ക് ആഹാരം ഇല്ലാതാക്കുന്നതും. അതുകൊണ്ടു തന്നെ മൂക്കുന്നിമലയുമായി അടുത്തു കിടക്കുന്ന നാലു വാർഡുകളിലാണ് കുരങ്ങുശല്യം രൂക്ഷമായി അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.