തുരുമ്പെടുക്കുന്നത് നഗരസഭയുടെ കോടികള്‍ വിളപ്പില്‍ശാല ചവര്‍ ഫാക്ടറി
text_fieldsനേമം: തിരുവനന്തപുരം നഗരസഭയുടെ കോടികള്‍ വിളപ്പില്‍ശാലയില്‍ തുരുമ്പെടുത്ത് നശിക്കുന്നു. കോടികള്‍ മുടക്കി വാങ്ങിയ യന്ത്രങ്ങള്‍, വാഹനങ്ങള്‍, കെട്ടിട സമുച്ചയങ്ങള്‍ എല്ലാം മണ്ണിലലിയുന്നു. വിളപ്പില്‍ശാലയില്‍ അടച്ചുപൂട്ടിയ നഗരസഭയുടെ ചവര്‍ ഫാക്ടറി വളപ്പിലാണ് കോടികള്‍ കാടുമൂടി കിടക്കുന്നത്. ഇവ വിളപ്പില്‍ശാലയില്‍നിന്ന് മാറ്റണമെന്ന സുപ്രീംകോടതി വിധി വന്ന് ഏഴു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാതെ നഗരസഭ.
2015 ആഗസ്റ്റ് 31നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിളപ്പില്‍ശാല മാലിന്യ സംസ്കരണശാല അടച്ചുപൂട്ടണമെന്നു വിധിച്ചത്. അവിടെയുള്ള മാലിന്യം നഗരസഭയുടെ ചെലവില്‍ നീക്കംചെയ്യണമെന്നും ഫാക്ടറിയുടെ യന്ത്രങ്ങള്‍ നഗരസഭയുടെ പ്രദേശത്തേക്കു മാറ്റണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതരെ നഗരസഭ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2016 ജനുവരി 23ന് സുപ്രീംകോടതി ഹരിത ട്രൈബ്യൂണല്‍ വിധി ശരിവെച്ചു. എന്നാല്‍, കോടതിവിധി ഇതുവരെ നടപ്പാക്കിയില്ല.
മാലിന്യം നീക്കംചെയ്യുന്നത് അപ്രായോഗികമെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍. വിലയേറിയ യന്ത്രങ്ങള്‍ മാറ്റുന്നത് വിധി ഭാഗികമായി നടപ്പാക്കലാകും. ഇതു കൂടുതല്‍ നിയമപ്രശ്നങ്ങളിലേക്ക് കടക്കുമെന്നതിനാല്‍ അവര്‍ അതിനു തയാറാകുന്നുമില്ല. ഫലത്തില്‍ കോടികളുടെ യന്ത്രസാമഗ്രികളും കെട്ടിടങ്ങളും നശിക്കുന്ന കാഴ്ചയാണ്.
2011 ഡിസംബര്‍ 20നാണ് ജനകീയ പ്രക്ഷോഭത്തിലൂടെ വിളപ്പില്‍ശാല ചവര്‍ ഫാക്ടറി നാട്ടുകാര്‍ പൂട്ടിച്ചത്. നിരന്തര സമരവും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് ഫാക്ടറിക്ക് താഴുവീണത്. ജലസ്രോതസ്സുകള്‍ മലിനമാകുന്നതിനെതിരെ പ്രതിഷേധം കനത്തപ്പോള്‍ 2011ല്‍ നഗരസഭ ജലശുചീകരണത്തിന് ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരു കോടി മുടക്കി ഫാക്ടറിയിലെത്തിച്ചു.
ഫാക്ടറി പ്രവര്‍ത്തനം നിലച്ചപ്പോള്‍ ഇവയും തുരുമ്പെടുത്ത് നശിക്കുകയാണ്. പ്രകൃതിദുരന്തത്തിനുവരെ കാരണമാകാവുന്ന തരത്തില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം ഫാക്ടറി പരിസരത്തെ മണ്ണിനടിയിലുണ്ട്. പ്രദേശവാസികളെ ഭീതിപ്പെടുത്തുന്നതും ഇതാണ്. നിർദിഷ്ട അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാലക്ക് 100 ഏക്കര്‍ ഭൂമി കണ്ടെത്തിയത് ഫാക്ടറിക്ക് സമീപത്തെ നാട്ടുകാരില്‍നിന്നാണ്. നഗരസഭയുടെ അധീനതയിലുള്ള ചവര്‍ഫാക്ടറി സ്ഥിതി ചെയ്തിരുന്ന ഭൂമിയില്‍ ടൗണ്‍ഷിപ് സ്ഥാപിക്കാന്‍ നഗരസഭ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും ഭൂമിക്കടിയിലെ മാലിന്യം എവിടേക്ക് മാറ്റുമെന്നതാണ് അധികൃതരെ വലയ്ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.