എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsനേമം: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടി. മേലാങ്കോട് ഇടഗ്രാമം കൊപ്പഴഞ്ഞി വീട്ടിൽ ശ്രീക്കുട്ടൻ എന്ന കിരൺകുമാർ (24), കരുമം ഇലങ്കത്തറ വീട്ടിൽ ആനന്ദരാജ് (23) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 25 ഗ്രാം എം.ഡി.എം.എയും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു.
സമീപകാലത്ത് സിറ്റി പൊലീസ് പിടികൂടിയതിൽവെച്ച് ഏറ്റവും കൂടിയ അളവാണ് 25 ഗ്രാം എം.ഡി.എം.എ. ഓട്ടോറിക്ഷയിൽ നഗരത്തിൽ കറങ്ങി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിനെ വിജയമോഹിനി മില്ലിന് സമീപത്തുവെച്ച് വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച് ഓട്ടോ തടഞ്ഞുനിർത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
പ്രതികളിലൊരാളായ ആനന്ദ് രാജിനെതിരെ വിഴിഞ്ഞം, തിരുവല്ലം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം, സംഘത്തിന്റെ ഇടപാടുകൾ, മറ്റു കണ്ണികൾ എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ അറിയിച്ചു. ഡെപ്യൂട്ടി കമീഷണര്‍ (ക്രമസമാധാനം) അങ്കിത് അശോകന്റെ നിർദേശാനുസരണം പൂജപ്പുര എസ്.എച്ച്.ഒ റോജിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ പ്രവീൺ, ഗമാലിയൽ, സി.പി.ഒ പ്രദീപ്, ഹോംഗാർഡ് ഹരികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.