തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍
text_fieldsമെഡിക്കൽ കോളജ്: മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമാക്കിയത്. തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റര്‍വെന്‍ഷന്‍.
ശസ്ത്രക്രിയക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റര്‍വെന്‍ഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തെ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നു. ഇതിലൂടെ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകള്‍ അടയുമ്പോള്‍ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കല്‍ ത്രോമ്പക്ടമി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കല്‍ കോളജിലെ സമഗ്ര സ്ട്രോക്ക് സെന്ററില്‍ സജ്ജമാക്കിവരുന്നത്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള മെക്കാനിക്കല്‍ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളില്‍ ചെയ്യേണ്ടതാണ്. ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇതിലൂടെ കഴിയും. ന്യൂറോ ഇന്റന്‍വെന്‍ഷന്‍ സംവിധാനം വന്നതോടു കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് സമഗ്ര സ്ട്രോക്ക് സെന്ററായി പൂര്‍ണമായി മാറിയിരിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.