തിരുവനന്തപുരം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുതിയ ക്രമീകരണം
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുന്നു. മെഡിക്കൽ കോളജില്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക് ആരംഭിക്കാനാണ് തീരുമാനം.
നെഞ്ച് വേദനയുമായും മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങളുമായും വരുന്നവര്‍ക്ക് ഉടൻ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവരെ പെട്ടെന്ന് കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കും. കാലതാമസമില്ലാതെ ആവശ്യമായവര്‍ക്ക് ഐ.സി.യു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചികിത്സകള്‍ നല്‍കും. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തിയതിന് പിന്നാലെയാണ് പുതിയ ക്രമീകരണം.
അപകടങ്ങളിൽപെട്ട് അതിഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ ഒട്ടും വൈകാതിരിക്കാന്‍ ചുവപ്പ് ടാഗ് നല്‍കും. ചുവപ്പ് ടാഗ് ഉള്ളവര്‍ക്ക് എക്സ്റേ, സ്കാന്‍ തുടങ്ങിയ പരിശോധനകള്‍ക്കുള്‍പ്പെടെ ക്യൂ ഇല്ലാതെ ആദ്യ പരിഗണന നല്‍കും. സര്‍ജറി വിഭാഗത്തിന് കീഴില്‍ മറ്റ് വിഭാഗങ്ങളുടെ സഹകരണത്തോടെ ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ശസ്ത്രക്രിയ വേണ്ടവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയയും നടത്താനുമാണ് തീരുമാനം. മെഡിക്കല്‍ കോളജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് വിദഗ്ധ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
ഈ കമ്മിറ്റി അത്യാഹിത വിഭാഗത്തില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് സമയം ഒട്ടും വൈകാതെ എങ്ങനെ ഫലപ്രദമായി ചികിത്സ ലഭ്യമാക്കാം എന്ന് പഠനം നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. അപകടത്തില്‍പെട്ട് വരുന്ന രോഗികള്‍ക്കും മറ്റ് രോഗങ്ങളുമായി വരുന്നവര്‍ക്കും ഈ സേവനം ലഭ്യമാകും. ഇവര്‍ക്കുള്ള സര്‍ജറി, തീവ്രപരിചരണം എന്നിവ ഒട്ടും കാലതാമസം വരുത്താതിരിക്കാനാണ് പുതിയ ക്രമീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.