പുതുവത്സരം: കോവളത്ത് നിയന്ത്രണങ്ങൾ
text_fieldsകോവളം: രണ്ടു വർഷത്തെ ഇടവേളക്കുശേഷം പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തീരം ഒരുങ്ങി. ആഘോഷങ്ങൾക്ക് എത്തുന്നവർ പന്ത്രണ്ടരയോടെ തീരം വിടണമെന്നാണ് പൊലീസ് അറിയിപ്പ്.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുമ്പ് രാത്രി 10 വരെയാണ് തീരത്ത് പുതുവത്സര ആഘോഷങ്ങൾ അനുവദിച്ചിരുന്നത്. എന്നാൽ, ഇക്കുറി ഈ നിയന്ത്രണങ്ങൾ ഇല്ലാത്തത് പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകളെ തീരത്തേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനാൽതന്നെ കർശന സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോവളം തീരത്ത് പുതുവത്സരാഘോഷങ്ങൾ സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഇതിന് പുറമെ കാൽനടയായും ബൈക്ക് പട്രോളിങ്ങായും പൊലീസ് സംഘം തീരത്ത് സദാ സജ്ജമായിരിക്കും. 400 ഓളം പൊലീസുകാരെയാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോവളത്ത് വിന്യസിക്കുന്നത്.
കോവളം തീരത്ത് ഇതിനായി സിറ്റി പൊലീസ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കുന്നുണ്ട്. പരിശോധനകൾക്ക് ശേഷമേ വാഹനങ്ങൾ തീരത്തേക്ക് കടത്തിവിടൂ. വലിയ വാഹനങ്ങൾക്ക് കോവളം ജങ്ഷൻ വരെയാണ് പ്രവേശനം.തീരത്തെ തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഡി.ജെ പാർട്ടികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പൊലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്ന് കർശന നിർദേശങ്ങൾ നൽകി. പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവെക്കാനും നിർദേശമുണ്ട്.
ഒരുതരത്തിലും ലഹരി ഉപയോഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ എക്സൈസ് സംഘം നിർദേശം നൽകിയിട്ടുണ്ട്. വിവിധ ആഘോഷങ്ങളോടെയാണ് കോവളത്ത് പുതുവത്സരത്തെ വരവേൽക്കുന്നത്. പോയ വർഷങ്ങളെപ്പോലെ കൃത്യം 12ന് പുതുവത്സരത്തെ വരവേറ്റ് മാനത്ത് പൂത്തിരികൾ വിരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.