നീതിയില്ലാതെ അഞ്ചുചങ്ങലക്കാർ
text_fields90 വര്‍ഷത്തിലേറെയായി പൊന്നുവിളയിച്ച മണ്ണില്‍ 2000ത്തോളം കുടുംബങ്ങള്‍ ഇന്നും അന്യരാണ്. സങ്കടങ്ങളും നിവേദനങ്ങളും പരിഭവങ്ങളും പറഞ്ഞ് രണ്ടുതലമുറ പിന്നിട്ടു. എന്നിട്ടും നെയ്യാര്‍ഡാം അഞ്ചുചങ്ങല പ്രദേശത്തെ കര്‍ഷകര്‍ അവരുടെ ഭൂമിയുടെ അവകാശരേഖക്കായി ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
അണക്കെട്ടിനെതിരെ ജനരോഷം
അഗസ്ത്യഗിരിയിലെ നാച്ചിമുടിയില്‍നിന്ന് ഉത്ഭവിക്കുന്ന നെയ്യാറില്‍ വള്ളിയാര്‍, കല്ലാര്‍, മുല്ലയാര്‍, കരിപ്പയാര്‍ എന്നീ പോഷകനദികള്‍ ചേരുന്നുണ്ട്. ഇതിനെല്ലാം താഴെ ചെന്തിലാംമൂടില്‍ അണക്കെട്ട് നിർമിക്കാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. ചെന്തിലാംമൂട്ടില്‍ അണക്കെട്ട് നിർമിച്ചാല്‍ മരക്കുന്നം മുതല്‍ പന്തപ്ലാമൂട് വരെ 15 കിലോമീറ്റര്‍ ദൂരത്തില്‍ ഏക്കര്‍ കണക്കിന് കൃഷി വെള്ളത്തില്‍ മുങ്ങും. അതുകൊണ്ടുതന്നെ കര്‍ഷകര്‍ സംഘടിച്ചു.
കൃഷിനാശം അധികം സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരുവപാറയിൽ അണകെട്ടണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. അത് സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇതിനെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കി.
യോഗങ്ങളും പ്രതിഷേധങ്ങളും നടത്തി. കൃഷിക്ക് നാശം വരില്ലെന്നും അണകെട്ടാനും ജലം സംഭരിക്കാനും ആവശ്യമായ ഭൂമി മാത്രമേ ഏറ്റെടുക്കൂവെന്നും അതിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്നുമായിരുന്നു സര്‍ക്കാറിന്‍റെ വിശദീകരണം. അണക്കെട്ട് നിർമാണം പുരോഗമിച്ചതോടെ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു.
391 കുടുംബങ്ങളുടെ സര്‍വതും വെള്ളത്തിലാകുമെന്നായി. സമരവും പ്രതിഷേധങ്ങളും ശക്തമായപ്പോള്‍ ഇതുസംബന്ധിച്ച പഠനം നടത്താന്‍ സ്പെഷല്‍ ഓഫിസറെ നിയമിച്ചു.
പകരം ഭൂമി നൽകിയത് ഇടുക്കിയിൽ
1954 ജൂലൈ 26ന് സെപ്ഷല്‍ ഓഫിസര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കേവലം 31 പേര്‍ക്ക് മാത്രമെ ഭൂമി നഷ്ടപ്പെടുകയുള്ളൂവെന്ന് വ്യക്തമാക്കി.
വസ്തുതകള്‍ വളച്ചൊടിച്ചുനല്‍കിയ റിപ്പോര്‍ട്ടിനുമേല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അഞ്ചേക്കര്‍ഭൂമിയും 1500 രൂപയും 25 മുളയും പത്തുമുടി കയറും നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ കര്‍ഷക നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കണമെന്ന നിർദേശംപോലും കാറ്റില്‍ പറത്തി ഉദ്യോഗസ്ഥ സംഘം നഷ്ടം തിട്ടപ്പെടുത്തുകയായിരുന്നു.
നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി സ്ഥലം നല്‍കാന്‍ തയാറായില്ലെന്ന് മാത്രമല്ല പകരം ഭൂമി അനുവദിച്ചതാകട്ടെ ഇടുക്കി ജില്ലയിലെ കല്ലാര്‍ പട്ടം കോളനിയിലും. അണക്കെട്ട് പണിയുന്നതിന്‍റെ സമീപം ഏക്കര്‍ കണക്കിന് റവന്യൂ പുറമ്പോക്ക് ഭൂമി തരിശുകിടക്കുമ്പോഴാണ് ഇടുക്കിയില്‍ ഭൂമി കണ്ടെത്തി നല്‍കിയത്. ഭൂമി നഷ്ടപ്പെട്ടവരില്‍ വിവേചനം കാട്ടിയതില്‍ പ്രതിഷേധിച്ച് അര്‍ഹത പട്ടികയില്‍ കടന്നുകൂടിയ പലരും നഷ്ടപരിഹാരം കൈപ്പറ്റിയില്ല. ഡാമിന്‍റെ നിർമാണ പുരോഗതിയനുസരിച്ച് 1956ല്‍ 65 മീറ്റര്‍ ജലം ഉയര്‍ത്തി.
വസ്തു, ജീവനാംശം എന്നിവക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന പ്രഖ്യാപനത്തോടെയാണ് വെള്ളം ഉയര്‍ത്തിയത്. അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും അടച്ച് ജലമുയര്‍ത്തി. തെങ്ങുകളും കവുങ്ങുകളും മറ്റ് സര്‍വതും മൂന്നുദിവസം കൊണ്ട് വെള്ളത്തിലായി. ഇതോടെ 391 കുടുംബങ്ങള്‍ കിട്ടിയതും വാരിയെടുത്ത് കണ്ണീരോടെ കരയറി. വെള്ളത്തിനടിയിലായ കുടുംബങ്ങള്‍ പലതും റോഡ് പുറമ്പോക്കിലും മറ്റുമായി കുടിലുകള്‍കെട്ടി അന്തിയുറങ്ങി. ജലസംഭരണിയുടെ തീരത്ത് താമസിച്ചിരുന്നവരെയും അധികൃതര്‍ വെറുതെവിട്ടില്ല.
അണക്കെട്ടില്‍ പരമാവധി വെള്ളം ഉയര്‍ത്തിയാല്‍ മുങ്ങുന്ന പ്രദേശങ്ങള്‍ മാര്‍ക്കിങ് നടത്തി. അതുമുതലുള്ള 110 മീറ്ററോളം അഞ്ചുചങ്ങല പ്രദേശമായി അളന്നുനീക്കി. അതോടെയാണ് അഞ്ഞൂറോളം കുടുംബങ്ങള്‍ അഞ്ചുചങ്ങലയില്‍ താവളമുറപ്പിച്ചത്.
നിവേദനങ്ങള്‍ക്ക് കണക്കില്ല
അഞ്ചുചങ്ങല പ്രദേശത്ത്, കൈവശക്കാര്‍ക്ക് പട്ടയം നല്‍കായി നല്‍കിയ നിവേദനങ്ങള്‍ക്ക് കണക്കില്ല. വില്ലേജ് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് പടിക്കല്‍വരെ സമരം നടത്തി. എന്നിട്ടും നിർധനരായ കര്‍ഷകര്‍ക്ക് നീതികിട്ടിയില്ല. സ്വന്തം ഭൂമിക്ക് കൈവശരേഖ കിട്ടാനായി പരിശ്രമിച്ച ശേഷം മരിച്ചവര്‍ നിരവധി പേരുണ്ട്. പട്ടയം നല്‍കാനായി പട്ടിക തയാറാക്കിയതില്‍ അര്‍ഹതയുള്ള നിരവധിപേര്‍ അവസാനനിമിഷം പട്ടികയില്‍നിന്ന് പുറത്തായി.
അഞ്ചുചങ്ങല പ്രദേശത്ത് പട്ടയം കിട്ടുന്നതിനുവേണ്ടി ഫാ. ജോണ്‍കഴിമണ്ണിലും കെ. മാത്യുവും അവസാനശ്വാസംവരെ പരിശ്രമിച്ചതായി ഇവിടത്തുകാര്‍ ഇപ്പോഴും ഓര്‍മിക്കുന്നു.
പഴയവീര്യം പലര്‍ക്കും നഷ്ടപ്പെട്ടെങ്കിലും പി.ഒ. ജോണ്‍, തോമസ് മംഗലശ്ശേരി, പി. രാജു, മോഹന്‍ കാലായില്‍ എന്നിവര്‍ ഇപ്പോഴും അഞ്ചുചങ്ങല പ്രദേശത്തുക്കാര്‍ക്ക് പട്ടയം നല്‍കായി ഭരണസിരാകേന്ദ്രത്തിലും ജനപ്രതിനിധികളോടും യാചന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കൈമാറാനില്ല, രേഖകൾ...
അടിയന്തരഘട്ടങ്ങളില്‍ അധ്വാനഭൂമി പണം നല്‍കുന്നവര്‍ക്ക് കിട്ടുന്നവിലക്ക് വിലക്ക് കൊടുക്കും. ചികിത്സ, വിവാഹം, വിദ്യാഭ്യാസം പോലുള്ള ആവശ്യങ്ങൾക്കായാണ് കൂടുതലായും ഭൂമി വില്‍ക്കുന്നത്. രേഖകളൊന്നും കൈമാറാനില്ലാത്തതിനാല് പണംപറ്റിയതിന് നൂറുരൂപയുടെ മുദ്രപത്രത്തില്‍ എഴുതിയാണ് വസ്തുകൈമാറ്റം നടക്കുന്നത്.
ഇത്തരത്തില്‍ നിരവധി കൈമാറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്യാറില്ല. അതുകൊണ്ട് തന്നെ ഭൂമിയുടെ ന്യായവിലയും ഇവിടത്തുകാർക്ക് പ്രശ്നമല്ല. മറ്റൊന്ന് കൈമാറ്റം രജിസ്റ്റര്‍ ചെയ്യാത്തതുവഴി സ്റ്റാമ്പ്ഡ്യൂട്ടി ഇനത്തിലും ഭൂനികുതി ഇനത്തിലും സര്‍ക്കാറിന് നഷ്ടപ്പെടുന്നത് ലക്ഷങ്ങളാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.