പരിസ്ഥിതി ലോല മേഖല; നെയ്യാർ മേഖലയിൽ ഭൂമി കൈമാറ്റവും പ്രതിസന്ധിയിൽ
text_fieldsകാട്ടാക്കട: നെയ്യാര്‍-പേപ്പാറ വന്യജീവി സങ്കേത കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചതിനുപിന്നാലെ തെക്കന്‍ മലയോരമേഖലയിലെ ഭൂമി കൈമാറ്റം അടക്കം പ്രതിസന്ധിയിലേക്ക്.
കള്ളിക്കാട്, അമ്പൂരി, കുറ്റിച്ചല്‍, ആര്യനാട്, വിതുര പഞ്ചായത്ത് പ്രദേശത്ത് വില്‍പ്പനക്ക് കരാര്‍ ഉറപ്പിച്ച നിരവധി ഇടപാടുകാര്‍ ഭൂമി വാങ്ങുന്നതില്‍നിന്ന് പിന്മാറി. റബര്‍ തോട്ടം ഉള്‍പ്പെടെ ഭൂമി വാങ്ങാൻ ഉറപ്പിച്ച നിരവധിപേര്‍ ഇടപാട് വേണ്ടെന്നുവെച്ചിട്ടുണ്ട്. അഡ്വാന്‍സ് നല്‍കിയ പണം ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് പലരുടെയും പിന്മാറ്റം.
രണ്ടാഴ്ച മുമ്പ് വരെ മേഖലയിൽ ഇടനിലക്കാരുടെയും ഭൂമി വാങ്ങുന്നവരുടെയും തിരക്കായിരുന്നു. ഇപ്പോള്‍ ആളനക്കംപോലുമില്ല. ഇതോടെ അടിയന്തര ആവശ്യങ്ങള്‍ക്ക് ഭൂമിവിറ്റ് പണം കണ്ടെത്താനിരുന്നവരൊക്കെ വെട്ടിലായി. വില വളരെ കുറച്ചുനല്‍കാൻ തയാറായാലും വാങ്ങാൻ ആളില്ല. മലയോരമേഖലയില്‍ സെന്‍റിന് 10,000 രൂപവരെ വിലക്ക് ഭൂമി നല്‍കാന്‍ തയാറായി ഒട്ടേറെ പേരുണ്ട്. പരിസ്ഥിതി ദുർബല മേഖലയോടു ചേർന്ന പ്രദേശത്തും ഇതാണവസ്ഥ. അഗസ്ത്യവനത്തിനുള്ളിലെ വാലിപ്പാറയില്‍ അനുവദിച്ച മോഡല്‍ െറസിഡന്‍ഷ്യല്‍ സ്കൂള്‍ നിർമാണ സാധ്യതയും മങ്ങുകയാണ്.
നെയ്യാര്‍-പേപ്പാറ-അഗസ്ത്യവനമേഖലയിലെ ആദിവാസികളും ആശങ്കയിലാണ്. 30 വര്‍ഷം മുമ്പ് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് നിർമാണോദ്ഘാടനം നടത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ആദിവാസികളെ വനാതിര്‍ത്തിയോടുചേര്‍ന്ന പ്രദേശത്ത് മാറ്റി പാര്‍പ്പിക്കാന്‍ കാപ്പുകാട് 56 വീട് നിർമിച്ചിരുന്നു. എന്നാല്‍, ആദിവാസികള്‍ കാട് വിട്ട് വരാന്‍ തയാറാകാതിരുന്നതിനാൽ പുനരധിവാസം യാഥാർഥ്യമായില്ല. നിയമക്കുരുക്കിൽപെട്ട് ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി അകാല ചരമമടയുകയും ചെയ്തു.
പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ കരട് വിജ്ഞാപനം പുനഃപരിശോധിക്കാനും മാറ്റങ്ങള്‍ വരുത്താനും കഴിഞ്ഞദിവസം വനം മന്ത്രി എ.കെ. ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതുകൊണ്ടായില്ലെന്നും ആശങ്കയകറ്റാന്‍ ശാശ്വത സംവിധാനം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പരിസ്ഥിതി ദുര്‍ബല മേഖലാ തീരുമാനം വന്നതോടെ അഞ്ചുചങ്ങലയിലെ പട്ടയവിതരണവും വീണ്ടും സങ്കീര്‍ണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.