നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം; ഡ്രൈവർക്ക് പത്ത് വർഷം തടവ്
text_fieldsനെയ്യാറ്റിൻകര: നാലുപേരുടെ മരണത്തിനും ഒരാൾക്ക് ഗുരുതര പരിക്കിനും കാരണമായ വാഹനാപകടത്തിൽ പ്രതിക്ക് 10 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ.
ജീപ്പ് ഓട്ടോയിലും ബൈക്കിലുമിടിച്ചായിരുന്നു അപകടം. നേമം കാരയ്ക്കാമണ്ഡപം കൃഷ്ണാലയത്തിൽ വിജയകുമാറിനെയാണ് (56) നെയ്യാറ്റിൻകര അഡീഷണൽ ജില്ല ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്.
2016 ജൂൺ എട്ടിന് രാത്രി 8.45നാണ് കേസിനാസ്പദമായ അപകടം. ബാലരാമപുരം പൂവാർ റോഡിൽ അവണാകുഴി ജങ്ഷന് സമീപമായിരുന്നു അപകടം. ഒന്നാംപ്രതി വിജയകുമാർ ഓടിച്ച ജീപ്പ് എതിരെ വന്ന ബൈക്കും ഓട്ടോയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന ശശീന്ദ്രൻ (51), ഓട്ടോറിക്ഷ ഡ്രൈവർ യോഹന്നാൻ (48), ഓട്ടോയിലെ യാത്രക്കാരായിരുന്ന ബെനഡിക്ട് (59), സരോജം (58) എന്നിവരാണ് മരിച്ചത്. പാതയോരത്ത് നിന്ന യശോധക്ക് (83) ഗുരുതര പരിക്കേറ്റു.
ഒന്നാംപ്രതി വിജയകുമാർ മദ്യപിച്ചാണ് ജീപ്പ് ഓടിച്ചതെന്ന് കണ്ടെത്തി. മറ്റു മൂന്നുപേരും ജീപ്പിലുണ്ടായിരുന്നു.
ഇതിൽ രണ്ടാംപ്രതിയായ സുനി എന്ന സുനിൽകുമാർ, മൂന്നാംപ്രതി അജീന്ദ്രകുമാർ, നാലാംപ്രതി സനൽകുമാർ എന്നിവർക്കെതിരെ പ്രേരണകുറ്റം ചുമത്തിയെങ്കിലും കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര ഇൻസ്പെക്ടറായിരുന്ന ജി. സന്തോഷ് കുമാറാണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ. അജികുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.