പൊലീസ് ബാൻഡ് നിയമനം; വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയതിൽ കേസ്
text_fieldsനെയ്യാറ്റിൻകര: പൊലീസ് ബാൻഡിലേക്കുള്ള പി.എസ്.സി പരീക്ഷയുടെ മറവിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയ മ്യൂസിക് സ്ഥാപന മേധാവിക്കെതിരെ കേസ്. നെയ്യാറ്റിൻകര നെല്ലിമൂട്ടിലെ ജീവൻ സംഗീത് മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ ആശാ ജീവനെതിരെയാണ് പൊലീസ് കേസെടുത്തത്. എ.ഡി.ജ.പി എം.ആർ. അജിത്കുമാറിന്റെ നിർദേശത്തിൽ സി.ഐ പ്രതാപചന്ദ്രെൻറ നേതൃത്വത്തിൽ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. സംഗീത ഉപകരണങ്ങൾ പഠിക്കാത്തവർക്കുപോലും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതായി കണ്ടെത്തി.
ഉദ്യോഗാർഥികളിൽനിന്ന് 3000 മുതൽ 5000 രൂപവരെ കൈപ്പറ്റിയായിരുന്നു പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. ഈ സർട്ടിഫിക്കറ്റ് മറ്റൊരു പരിശോധനയും കൂടാതെയാണ് ജില്ല രജിസ്ട്രാർ ഓഫിസിൽ അറ്റസ്റ്റ് ചെയ്ത് നൽകുന്നത്.
പൊലീസ് സേനയുടെ ഭാഗമായ ബാൻഡ് സംഘത്തിൽ ചേരാനാണ് പി.എസ്.സി ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടുവും സംഗീത ഉപകരണങ്ങൾ വായിക്കാനുള്ള പരിചയവുമായിരുന്നു യോഗ്യത.
എഴുത്തുപരീക്ഷക്ക് ശേഷം ഉദ്യോഗാർഥികളോട് ഒരു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ പി.എസ്.സി ആവശ്യപ്പെട്ടിരുന്നു. സംഗീതപഠനം പൂർത്തിയാക്കിയ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റോ, മാർക്ക് ലിസ്റ്റോ പിഎസ്.സി ആവശ്യപ്പെട്ടിരുന്നില്ല. ഈ പഴുത് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
അനധികൃതമായി സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ അർഹതയുള്ളവരുടെ ജോലി നിഷേധിക്കപ്പെടുന്നതായി കാണിച്ച് കാഞ്ഞിരംകുളം സ്വദേശി സജീവാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത സ്വത്ത് സമ്പാധനത്തിനും തട്ടിപ്പിനും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.