കമാനം വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്തു
text_fieldsനെയ്യാറ്റിന്‍കര: ഓണാഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്ന ആര്‍ച് അലക്ഷ്യമായി നീക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തില്‍ വീണ് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര ഉച്ചക്കട പൂഴിക്കുന്ന് സ്വദേശി ബി.പി നിവാസില്‍ ബിജുവിന്‍റെ ഭാര്യ പൊഴിയൂര്‍ ഫാമിലി ഹെല്‍ത്ത് സെന്‍ററിലെ ജീവനക്കാരി ലേഖക്കാണ് (44) ഈ മാസം 11ന് ഗുരുതര പരിക്കേറ്റത്.
തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കമാനത്തിന്‍റെ ഉടമ മണിയനും ജീവനക്കാരനുമെതിരെയാണ് കേസ്.
നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കാന്‍ വൈകിയെന്ന് പരാതിയുണ്ട്. മകള്‍ അനുഷയുമൊത്ത് (15) നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും ഓലത്താന്നി ഭാഗത്തേക്ക് ബൈക്കില്‍ പോകവെയാണ് അപകടം.
ഓലത്താന്നി കവിതാ ജങ്ഷന് സമീപം റോഡില്‍ സ്ഥാപിച്ചിരുന്ന കമാനം ലേഖയുടെയും മകളുടെയും ശരീരത്തിൽവീണു. തിരക്കേറിയ റോഡില്‍ വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. പരിക്കേറ്റ അന്ന് പൊലീസിനെ അറിയിച്ചു.
14ന് രേഖാമൂലം പരാതി നല്‍കി. 15ന് ആര്‍ച് ഉടമയെയും പരാതിക്കാരെയും സ്റ്റേഷനില്‍ വിളിച്ചെങ്കിലും ആര്‍ച് ഉടമ സ്റ്റേഷനിലെത്തിയിരുന്നില്ല. സംഭവത്തില്‍ കമാനം സ്ഥാപിക്കാൻ ഏൽപിച്ച ക്ലബുകാര്‍ക്കെതിരെയും പൊലീസ് കേസെടുക്കും.
നിയന്ത്രണങ്ങൾ പാലിക്കാതെ കമാനങ്ങൾ
നെയ്യാറ്റിൻകര: നിയന്ത്രണം പാലിക്കാതെ റോഡരികിൽ അലക്ഷ്യമായി കമാനങ്ങൾ സ്ഥാപിക്കുന്നത് വർധിക്കുന്നു. അപ്പോഴും പൊലീസും വേണ്ടപ്പെട്ട അധികൃതരും നടപടി സ്വീകരിക്കുന്നില്ല എന്നത് വ്യാപകമായ ആക്ഷേപത്തിനിടയാക്കുന്നു.
നെയ്യാറ്റിൻകര ബാലരാമപുരം പ്രദേശങ്ങളിൽ ദേശീയ പാതയിലുൾപ്പെടെ ഇത്തരത്തിൽ കമാനങ്ങൾ സ്ഥാപിക്കുന്നത് വ്യാപകമാണ്. വൈദ്യുതപോസ്റ്റുകൾക്കരികിലും വൈദ്യുതി ലൈനിനു സമീപത്തും സ്ഥാപിച്ചവ പലതും അപകടം വരുത്തുന്ന തരത്തിലാണ്.
രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും കമാനങ്ങളായത് കാരണം പൊലീസും നടപടി സ്വീകരിക്കുന്നില്ല. വലിയ വാഹനങ്ങൾ പോകുമ്പോൾ കമാനങ്ങളിൽ തട്ടുന്നതും പതിവ് കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.