വീണ്ടും മാതൃകയായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsനെയ്യാറ്റിന്കര: ബസിൽ നഷ്ടപ്പെട്ട പഴ്സ് യുവതിക്ക് തിരികെനൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ. വെഞ്ഞാറമൂട്ടിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് വന്ന ബസിൽ തന്റെ പേഴ്സ് നഷ്ടപ്പെട്ട വിവരം ചൊവ്വാഴ്ച രാവിലെയാണ് ഗായത്രി കിഴക്കേകോട്ടയിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻമാസ്റ്റർ ഓഫിസിലെത്തി സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞത്.
അപ്പോഴാണ് ഭഗവതി ലോട്ടറീസിന്റെ കിഴക്കേകോട്ട ഓഫിസിൽ നിന്ന് പഴ്സ് കിട്ടിയതായി ഫോൺ സന്ദേശം ലഭിച്ചത്. ബസിൽനിന്ന് കിട്ടിയ പഴ്സിലെ ഫോൺ നമ്പറിൽ കണ്ടക്ടർ സതീഷ്കുമാർ അന്വേഷണം നടത്തവേയാണ് ഭഗവതി ലോട്ടറിക്ക് വിവരം ലഭിച്ചത്. ഭഗവതി ലോട്ടറിയുടെ അംഗീകൃത ഏജന്റായ ഗായത്രിയുടെ ഐഡി കാർഡിലെ ഫോൺ നമ്പറിലേക്ക് കണ്ടക്ടർ വിളിക്കുകയായിരുന്നു. നഷ്ടപ്പെട്ട പഴ്സിലെ വിവരങ്ങളും തന്റെ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകളുടെ വിശദാംശങ്ങളും കണ്ടക്ടറോട് ഗായത്രി ധരിപ്പിച്ചു. കിഴക്കേകോട്ട സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കണ്ടക്ടർ ആർ. സതീഷ്കുമാർ, ഡ്രൈവർ എസ്.എസ്. ശ്യാംജിത് എന്നിവർ ചേർന്ന് ഗായത്രിക്ക് പതിനായിരത്തിൽപരം രൂപയും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് കൈമാറി.
ലോട്ടറിവിറ്റ് ഉപജീവനമാർഗം കണ്ടെത്തുന്ന ഗായത്രിക്ക് അശ്രദ്ധ മൂലം ബസിൽ നഷ്ടപ്പെട്ട തന്റെ പണവും രേഖകളും തിരിച്ചുകിട്ടിയത് ഏറെ ആഹ്ലാദകരമായ അനുഭവമായി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ സത്യസന്ധത പുലർത്തിയ വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടർ ആർ. സതീഷ് കുമാർ, ഡ്രൈവർ എസ്.എസ്. ശ്യാംജിത് എന്നിവരെ ഡി.കെ. മുരളി എം.എൽ.എ, അസി. ട്രാൻസ്പോർട്ട് ഓഫിസർ കെ.വി. അജി എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.