നെയ്യാറ്റിൻകര ജനറൽ ആശുപത്രി; അനാസ്ഥയുടെ കേന്ദ്രമാകുന്നതായി നാട്ടുകാർ
text_fieldsനെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിലും ചികിത്സ പിഴവിനെതിരെയും വ്യാപക പ്രതിഷേധമുയരുന്നു. നിരവധി പരാതികൾ ഉയർന്നതോടെ ആരോഗ്യവിഭാഗം വിജിലൻസ് പരിശോധന നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പിഴവുകളാണ് സംഭവിച്ചത്. പ്രസവത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ യുവതി മരിച്ചതോടെ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി.
ഏപ്രിൽ 13 ന് പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവമാണ് ഒടുവിൽ പുറത്തുവന്ന വിവാദം. കരുംകുളം തറയടി തെക്കേക്കര വീട്ടിൽ സുജിത്തിന്റെ ഭാര്യ റജിലയാണ്(27) മരിച്ചത്. ഏപ്രിൽ 13 നാണ് മരണം. നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.
ഏപ്രിൽ അഞ്ചിന് റജിലയെ പ്രസവത്തിനായി കൊണ്ടുവന്നു. അടുത്ത ദിവസം പെൺകുഞ്ഞ് ജനിച്ചു. രക്തസ്രാവം നിലക്കാതായപ്പോൾ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.
ആംബുലൻസിൽ കയറ്റുമ്പോൾ രക്തം കുത്തിവച്ചെങ്കിലും വഴിമധ്യേ അത് അവസാനിച്ചു. എസ്.എ.ടി ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലെടുത്തില്ലെന്നും റജിലയുടെ വൃക്കകളുടെ പ്രവർത്തനം നിലച്ചുപോയിരുന്നെന്നും വീട്ടുകാർ പറയുന്നു.
ഡോക്ടർമാരുടെ അഭാവം മൂലം, അവർ നേരിട്ട് ചെയ്യേണ്ട പല കാര്യങ്ങളും നഴ്സുമാർ ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഒമ്പത് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ആവശ്യമുള്ള ആശുപത്രിയിൽ നിലവിലുള്ളത് നാലുപേർ മാത്രം.
ഇവരിലൊരാൾ ചികിത്സാർഥം അവധിയിലാണ്, മറ്റൊരാൾ ഉപരിപഠനത്തിന്റെ ഭാഗമായും. ദിനവും ആയിരക്കണക്കിന് പേരെത്തുന്ന ആശുപത്രിയിൽ മണിക്കൂറുകളോളം വരിയിൽനിൽക്കണം. 1900ൽ സംസ്ഥാനത്തെ ആദ്യ പി.എച്ച്.സിയായി പ്രവർത്തനം ആരംഭിച്ച ആശുപത്രി രാജഭരണകാലത്ത് സ്ഥാപിതമായതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.