മണ്‍പാത്ര പെരുമ നഷ്ടമായ തൊഴുക്കല്‍
text_fieldsഅമ്പലത്തറ: നെയ്യാറ്റിന്‍കര പട്ടണത്തിനടുത്തുള്ള തൊഴുക്കല്‍ എന്ന ഗ്രാമത്തിെൻറ പെരുമയായിരുന്നു ഒരുകാലത്ത് മണ്‍പാത്ര നിർമാണം. ആറ്റുകാൽ പൊങ്കാലക്ക് ദിവസങ്ങള്‍ക്ക് മുമ്പേ തൊഴുക്കലില്നിന്നുള്ള മണ്‍പാത്രങ്ങള്‍ തലസ്ഥാനത്തിെൻറ തെരുവുകളില്‍ പ്രത്യക്ഷപ്പെടുമായിരുന്നു.
എന്നാല്‍, ഏതാനും വര്‍ഷങ്ങളായി തൊഴുക്കലില്നിന്ന് മണ്‍പാത്രങ്ങള്‍ എത്താറില്ല. ഇടക്കിടെ എവിടെ നിന്നെങ്കിലും കിട്ടുന്ന മണ്ണ് കൊണ്ട് നിർമാണമേഖല മുടന്തിയെങ്കിലും മുന്നോട്ട് പോയിരുന്നു. കോവിഡോടെ അതും ഇല്ലാതായി. തൊഴുക്കലിെൻറ പെരുമയറിഞ്ഞ് നിരവധി പേര് ഇവിടേക്ക് എത്തുന്നുണ്ടങ്കിലും ആവശ്യത്തിനുള്ള മണ്‍പാത്രങ്ങള്‍ കൊടുക്കാന്‍ കഴിയുന്നില്ല.
300ലധികം കുടുംബങ്ങളാണ് ഈ തൊഴിലിനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പതിറ്റാണ്ടുകളായി തുച്ഛമായ വരുമാനം മാത്രം.
മിക്ക വീടുകളിലും സ്വന്തമായി മണ്‍പാത്ര നിർമാണ യൂനിറ്റുകളുണ്ടായിരുന്നു. അവ നിശ്ചലമായി. ഇന്ന് പേരിന് മാത്രം ചിലരെ നിര്‍ത്തി സ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു, അതും നഷ്ടത്തില്‍. ഇപ്പോഴുള്ളത് കേരള ഗാന്ധി സ്മാരക നിധിയുടെ പോട്ടറി പ്രോഡക്ഷന്‍ സെന്ററും സ്വകാര്യ വ്യക്തിയുടെ കൃഷ്ണ പോട്ടറിയുമാണ്.
തൊഴുക്കല്‍ ഭാഗത്തെ വയലുകളില്‍ ആവശ്യത്തിനുള്ള കളിമണ്‍ ലഭിച്ചിരുന്നതിനെ തുടര്‍ന്നാണ് ഗ്രാമം പൂര്‍ണമായും ഈ തൊഴിലിലേക്ക് തിരിഞ്ഞത്. ഇപ്പോഴും ഇവിടത്തെ വയലുകളില്‍ ആവശ്യത്തിലധികം കളിമണ്ണുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഭൂപ്രകൃതി പരിശോധിക്കാതെ കളിമണ്ണ് കുഴിച്ചെടുക്കാന്‍ പാടില്ലെന്ന ജിയോളജി വകുപ്പിെൻറ നിര്‍ദേശമാണ് കനത്ത തിരിച്ചടിയായി മാറിയത്. എന്നാല്‍, ഉന്നത സ്വാധീനങ്ങള്‍ വഴി പലര്‍ക്കും മണ്ണെടുക്കാന്‍ പാസുകള്‍ രഹസ്യമായി നല്‍കുന്നുവെന്നും ആരോപണമുണ്ട്. ഇത്തരക്കാരില്‍നിന്ന് കളിമണ്ണ് എടുത്താല്‍ അഞ്ചരിട്ടി വില നല്‍കണം. അതിനുള്ള വിലക്ക് മണ്‍പാത്രങ്ങള്‍ വിറ്റുപോകില്ല എന്നതും തിരിച്ചടിയാണ്.
വിപണിയില്‍ 200നും 300നുമൊക്ക വാങ്ങുന്ന പാത്രങ്ങള്‍ക്ക് ഇവര്‍ക്ക് ലഭിക്കുന്നതാകട്ടെ 30 മുതല്‍ 50 രൂപവരെ മാത്രമാണ്. അന്യസംസ്ഥാനങ്ങളിലെ കളിമണ്‍പാത്രങ്ങളാണ് ഇപ്പോള്‍ വിപണി കൈയടക്കുന്നത്. തമിഴ്നാട്ടിലെ ചൂളകളിൽനിന്നുള്ള പാത്രങ്ങൾക്ക് തിളക്കം കിട്ടാനുമായി റെഡ്ഓക്സൈഡും ബ്ലാക്ക് ഓക്സൈഡും കൂടുതലായി ഉപയോഗിക്കുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.