നെല്ലിമൂട്ടിലും പരിസരത്തും വൈദ്യുതി തടസ്സം പതിവ്
text_fieldsനെയ്യാറ്റിന്‍കര: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളുമുള്ള നെല്ലിമൂട്ടിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസ്സം പതിവാകുന്നു. കാഞ്ഞിരംകുളം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ളയിടങ്ങളിലാണ് ഉപഭോക്താക്കളെ വലച്ച് പതിവ് വൈദ്യുതി മുടക്കം. ഫീഡര്‍ ഫോള്‍ട്ട്, എച്ച്.ടി ലൈന്‍ കംപ്ലെയ്ന്റ്, സബ് സ്റ്റേഷന് തകരാര്‍ എന്നിങ്ങനെ സ്ഥിരമായ മറുപടിയാണ് സെക്ഷന്‍ ഓഫിസില്‍നിന്ന് ലഭിക്കുന്നത്.
ചിലപ്പോള്‍ മരം വീണെന്നുള്ള പ്രതികരണവും ഓഫിസില്‍നിന്ന് ലഭിക്കാറുണ്ട്. വൈദ്യുതി കമ്പികളിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകള്‍ വെട്ടാന്‍ ഇടയ്ക്കിടക്ക് വൈദ്യുതി വിതരണം നിര്‍ത്തിവെക്കാറുണ്ട്. എന്നിട്ടും മരച്ചില്ലകളും മരങ്ങളുമൊക്കെ പ്രകൃതിക്ഷോഭമൊന്നും ഇല്ലാത്തപ്പോഴും പ്രദേശങ്ങളില്‍ മാത്രം വൈദ്യുതി കമ്പികളിലേക്ക് വീഴുന്നതെന്തുകൊണ്ടാണെന്നാണ് ഉപഭോക്താക്കളുടെ സംശയം.
രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ഈ വൈദ്യുതി മുടക്കമെന്നതും പരക്കെ ആക്ഷേപത്തിനിടയാക്കുന്നു. ഏതെങ്കിലും പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ച പരാതി വിളിച്ചുപറയുമ്പോള്‍ അവിടെ മുഴുവനും അങ്ങനെയാണോ സ്ഥിതിയെന്ന മറുചോദ്യമാണ് പലപ്പോഴും.
അതായത്, ഒന്നില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ പരാതിപ്പെട്ടാലേ വൈദ്യുതി ബന്ധം നിലച്ചതുമായി ബന്ധപ്പെട്ട പരിശോധനക്ക് അധികൃതര്‍ തയാറാകുകയുള്ളൂ എന്നര്‍ഥം. നെയ്യാറ്റിന്‍കര നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്ന അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിലെ ഈ പരാതിക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.