മാനവീയത്തിലെ നൈറ്റ് ലൈഫ്; സാമൂഹികവിരുദ്ധർക്ക് കടിഞ്ഞാണിടാനുറച്ച് പൊലീസ്
text_fieldsതിരുവനന്തപുരം: മാനവീയം വീഥിയിൽ നൈറ്റ് ലൈഫിന്റെ മറവിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കർശനടപടികളുമായി പൊലീസ്. സ്ത്രീകൾക്കും കുട്ടികൾക്കും വീട്ടമ്മമാർക്കും വൃദ്ധജനങ്ങൾക്കും യുവതികൾക്കും സ്വൈര്യമായി കലാസ്വാദനം നടത്താനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
തലസ്ഥാനനഗരത്തിൽ മാറ്റത്തിന്റെ പുതിയ ഉണർവ് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചത്.
മാനവീയം തുറന്നുനൽകിയിട്ട് അധികനാൾ ആകും മുമ്പുതന്നെ ആസ്വാദകർക്കിടയിൽ സാമൂഹിക വിരുദ്ധരും നുഴഞ്ഞുകേറാൻ തുടങ്ങി. ഇതോടെ ലഹരിയുടെയും മറ്റ് അനാരോഗ്യപ്രവണതകളുടെയും വേദിയായി മാനവീയം മാറി. കേരളീയംകൂടി ആരംഭിച്ചപ്പോൾ ഇവരുടെ അഴിഞ്ഞാട്ടങ്ങൾക്ക് നിയന്ത്രണമില്ലാതായി.
ആക്രമണങ്ങളും സംഘട്ടനങ്ങളും അരങ്ങേറി. കഴിഞ്ഞദിവസം ലഹരി സംഘങ്ങളെ പിടികൂടാനെത്തിയ പൊലീസുകാർക്കുനേരെ കല്ലേറ് നടന്നു. ഇതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.
മാനവീയം വീഥിയിലെ ആക്രമണത്തിന് പിന്നിൽ ലഹരി ഉപയോഗിച്ചിരുന്ന സംഘമാണെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. മാനവീയത്തിലെ നൈറ്റ് ലൈഫിന് നിയന്ത്രണം ഏർപ്പെടുത്താനും സിറ്റി പൊലീസ് തീരുമാനിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാത്രി പത്തിനുശേഷം ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രമ്മുകളും ഉപയോഗിക്കാനാകില്ല.
നിലവിലെ നിയമം മാനവീയത്തിലും കർശനമായി നടപ്പാക്കും. ലഹരി ഉപയോഗം പരിശോധിക്കാൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളും ബ്രത്ത് അനലൈസറും ഉപയോഗിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. അതേസമയം പൊലീസ് നിയന്ത്രണം കർശനമാക്കുമ്പോൾ സാധാരണക്കാർക്ക് അവിടെ എത്താൻ കഴിയാത്ത സാഹചര്യമുണ്ടാകരുതെന്ന അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.