അസിസ്റ്റന്റ് എഞ്ചിനീയർ ഇല്ല; മണക്കാട് വൈദ്യുതി മേഖല പ്രവർത്തനം അവതാളത്തിൽ
text_fieldsഉത്തരവാദിത്തമുള്ള തസ്തിക ഒഴിച്ചിടരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമടക്കം കെ.എസ്.ഇ.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നിരാശയാണ് ഫലം.
മണക്കാട് സെക്ഷന്റെ മിക്കഭാഗങ്ങളിലും വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. മണക്കാട്, കമലേശ്വരം, കല്ലാട്ടുമുക്ക്, അമ്പലത്തറ, കൊഞ്ചിറവിള, ആറ്റുകാൽ തുടങ്ങിയ വലിയൊരു പ്രദേശമാണ് സെക്ഷന് കീഴിലുള്ളത്. വൈദ്യുതി കണക്ഷൻ, പോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ യഥാസമയം നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ആറ്റുകാൽ ഉത്സവ മേഖലയുടെ പരിധിയിൽ വരുന്ന വലിയൊരു പ്രദേശം കൂടിയാണിത്.
പൊങ്കാലക്ക് മുന്നോടിയായി എല്ലാ വകുപ്പുകളിലുമെന്നപോലെ വൈദ്യുതിരംഗത്തും അടിയന്തര അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്താറുണ്ട്. ഇക്കുറി പ്രവർത്തനങ്ങൾ വേഗത പോരെന്ന ആക്ഷേപമുണ്ട്.
കല്ലാട്ടുമുക്കിന് സമീപം പൗർണമി നഗറിൽ പുതിയ ട്രാൻസ്ഫോർമർ എത്തിച്ച് നാളുകളായിട്ടും പ്രവർത്തന സജ്ജമാക്കിയിട്ടില്ല. അമ്പലത്തറ വാർഡിലെ കല്ലടിമുഖം ഫ്ലാറ്റിനടുത്ത് സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാൻ കോർപറേഷൻ അപേക്ഷ നൽകിയത് നാലുമാസം മുമ്പാണ്. ലൈൻ മാറ്റി കേബിളാക്കണമെന്നും ഇതിന് ചെലവ് വഹിക്കാമെന്നും കോർപറേഷൻ അറിയിച്ചിരുന്നു. ഇതിനായി പണം അടയ്ക്കുകയും ചെയ്തു.
എന്നാൽ കേബിൾ എത്തിയില്ലെന്നതടക്കം പലകാരണങ്ങളാണ് ബന്ധപ്പെട്ടവർ പറയുന്നത്. മണക്കാട് മേഖലയിലെ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട മറ്റ് പല പ്രവർത്തനങ്ങളുടെ സ്ഥിതിയും സമാനമാണെന്ന പരാതി വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.