വകുപ്പുകളുടെ ഏകോപനമില്ല; മഴക്കാലപൂർവ മുന്നൊരുക്കം പാളി
text_fieldsതിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി പൂർത്തിയാക്കേണ്ട മഴക്കാല പൂർവശുചീകരണം ഇക്കുറിയും തെറ്റി. മിക്ക തദ്ദേശസ്ഥാപനങ്ങളിലും അടിയന്തര കൗൺസിൽ കൂടിയും മറ്റും മഴക്കാലപൂർവ ശുചീകരണത്തിനായുള്ള തുക അനുവദിച്ചതുതന്നെ കഴിഞ്ഞയാഴ്ചയാണ്. മാത്രവുമല്ല, ജനകീയ ശുചീകരണ യജ്ഞം മേയ് 18,19 തീയതികളിലാണ് പ്രഖ്യാപിച്ചിരിക്കുന്നതും. നഗരത്തിലെ ചെറുതും വലുതുമായ ഓടകളിലെല്ലാം മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചു.
കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മാലിന്യം റോഡിലേക്ക് ഒഴുകി കാൽനടപോലും ദുഷ്കരമായി. പനിയും പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ മഴക്കാലപൂർവശുചീകരണത്തിന് കാലവിളംബം ഉണ്ടാകരുതെന്ന സർക്കാർപ്രഖ്യാപനം ഒരുകാലത്തും കാര്യക്ഷമമാകാറില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണം. സമയബന്ധിതമായി മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കേണ്ട പ്രധാന ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മഴക്കാലപൂർവ ശുചീകരണത്തിൽ വീഴ്ച ഉണ്ടാകരുതെന്ന് നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞിരുന്നു. എന്നാൽ ഇക്കുറി കാലവർഷം അടുക്കാറായപ്പോഴാണ് പ്രഖ്യാപനംതന്നെ ഉണ്ടായത്.
തദ്ദേശസ്ഥാപനങ്ങൾക്കുപുറമെ ജല അതോറിറ്റി, ആരോഗ്യം, വൈദ്യുതി, സ്വിവറേജ് വിഭാഗം, ടെലികമ്യൂണിക്കേഷൻ തുടങ്ങി വകുപ്പുകളുടെ ഏകോപനം വേണം. എന്നാൽ ഈ വകുപ്പുകൾ ഒരിക്കലും കൈകോർക്കാറില്ല. ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം േമയ് 20 നകം പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ജില്ലതല യോഗത്തില്‍ തീരുമാനിച്ചു. വാര്‍ഡുതല ജാഗ്രതസമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
മാലിന്യനിര്മാര്ജനംവഴി പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും പ്രതിരോധിക്കാമെന്നിരിക്കെ ഈ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ജാഗ്രതയും വകുപ്പുകളുടെ ഏകോപനവും ഉണ്ടാവണമെന്നാണ് സർക്കാർ നിർദേശം. മാലിന്യപരിപാലനം ഉറപ്പാക്കല്‍, കൊതുകുനിവാരണം, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും ജാഗ്രതാസമിതികള്‍ രൂപവത്കരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.