സ്കാനിങ്ങിന് ഡേറ്റ് നൽകിയില്ല; ജീവനക്കാരിക്ക് രോഗിയുടെ മർദനം
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിങ് വിഭാഗത്തിൽ എത്തിയ രോഗി ജീവനക്കാരിയെ ആക്രമിച്ചു. അബോധാവസ്ഥയിലായ ജീവനക്കാരിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജീവനക്കാരിയെ ആക്രമിച്ച പൂവാർ പുല്ലുവിള പീപ്പിവിളാകംവീട്ടിൽ അനിലിനെ (34) സഹപ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എം.ആർ.ഐ സ്കാനിലെ കൗണ്ടർ സ്റ്റാഫ് ആറ്റിങ്ങൽ സ്വദേശി ജയകുമാരി (53)യാണ് ആക്രമണത്തിനിരയായത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
രണ്ടുദിവസം മുമ്പാണ് അനിൽ കൈയിലെ മുഴ സംബന്ധമായ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രി ഒ.പിയിലെത്തിയത്. ഡോക്ടർ പരിശോധിച്ചശേഷം എം.ആർ.ഐ സ്കാനിങ്ങിന് നിർദേശിച്ചു.
ഡോക്ടറുടെ കുറിപ്പുമായി കൗണ്ടറിനുള്ളിലേക്ക് കയറിച്ചെന്ന ഇയാൾ സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഡോക്ടറോട് ചോദിച്ച് തീയതി വാങ്ങിവരാമെന്നുപറഞ്ഞ് സീറ്റിൽ നിന്നെഴുന്നേറ്റ ജയകുമാരിയോട് ഇപ്പോൾതന്നെ സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം.
ഇയാൾ ധരിച്ചിരുന്ന നാല് കോണുകളുള്ള മോതിരമുപയോഗിച്ച് മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. പൊടുന്നനെയുള്ള ആക്രമണത്തിൽ ജയകുമാരി കുഴഞ്ഞുവീണു. സഹപ്രവർത്തകർ ഓടിയെത്തി കൂടുതൽ ആക്രമണത്തിൽനിന്ന് രക്ഷിച്ച് അത്യാഹിതവിഭാഗത്തിെലെത്തിക്കുകയായിരുന്നു. ഇവർക്ക് കണ്ണിനു താഴെ ചതവുണ്ട്.
ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. കിടത്തിചികിത്സയിലുള്ള രോഗികൾക്കാണ് അടിയന്തര പ്രാധാന്യത്തോടെ സ്കാൻ ചെയ്യാറുള്ളതെന്നും ഒ.പിയിൽ ചികിത്സ തേടിയ അനിലിന് ഗുരുതര സ്വഭാവമുള്ള അസുഖമായിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.