മുൻകരുതലുകളില്ല; തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാർ അപകട മുനമ്പിൽ
text_fieldsതിരുവനന്തപുരം: അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുേമ്പാൾ സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളില്ലാത്തതും സഹായിക്കാൻ മറ്റ് ജീവനക്കാരില്ലാതിരുന്നതുമാണ് മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് കീപ്പർ ഹർഷാദിന് ജീവൻ നഷ്ടമാകാൻ കാരണം. ജോലി സ്ഥിരതക്കായി പാമ്പിൻകൂട്ടില്‍ കയറി പ്രതിഷേധിച്ചയാളാണ് ഹർഷാദ്. പാമ്പുകളെ പരിപാലിക്കുന്നതിൽ പ്രാഗല്ഭ്യവുമുണ്ട്. എന്നാൽ രാജവെമ്പാലയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിസ്സഹായനാവാനേ കഴിഞ്ഞുള്ളൂ.
പതിവുപോലെ വ്യാഴാഴ്ച രാജവെമ്പാലയുടെ കൂട് വൃത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ കൂട്ടിൽ കാഷ്ടം കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. സാധാരണ സമീപത്തെ മറ്റൊരു കൂട്ടിലേക്ക് പാമ്പിനെ മാറ്റിയശേഷമാണ് മാലിന്യം നീക്കംചെയ്യാറ്. പാമ്പിനെ മാറ്റാതെ തന്നെ കാഷ്ടം നീക്കംചെയ്യാൻ കൂട്ടിൽ കൈയിട്ടപ്പോള്‍ കടിക്കുകയായിരുന്നെന്ന് മൃഗശാല ഡയറക്ടര്‍ എസ്. അബു സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മൃഗങ്ങളെ പരിചരിക്കാൻ ഒരാള്‍ ഒറ്റക്ക് കൂട്ടില്‍ പ്രവേശിക്കരുതെന്ന് വനംവകുപ്പിെൻറ നിര്‍ദേശമുണ്ട്. ജീവനക്കാര്‍ കുറവായതിനാല്‍ ഇത് പാലിക്കാന്‍ കഴിഞ്ഞില്ല. പാമ്പുകളെ പരിപാലിക്കുമ്പോള്‍ കടിയേല്‍ക്കാതിരിക്കാന്‍ കൈമുട്ട് വരെയുള്ള കൈയുറകളും ഗംബൂട്ടുകളും ധരിക്കണം. കൂട് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ ഹര്‍ഷാദ് ഇവ ധരിച്ചിരുന്നില്ല. മൃഗശാലയില്‍നിന്ന് ഇവ ലഭ്യമാക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. അപായസൂചനാസംവിധാനം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല.
ഹര്‍ഷാദിനൊപ്പം ഒരാള്‍കൂടി സഹായത്തിനുണ്ടായിരുന്നെങ്കില് അപകടം ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നാണ് ജീവനക്കാർ പറയുന്നത്. സി.സി.ടി.വി ഉള്‍പ്പടെ സംവിധാനങ്ങള്‍ ഫലപ്രദമാകാത്തതും വിനയായി. സി.സി.ടി.വി നിരീക്ഷിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ ഹര്‍ഷാദ് രാജവെമ്പാലയുടെ കടിയേറ്റ് വീഴുന്നത് കാണാന്‍ കഴിഞ്ഞേനെ. ഉടൻ പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിൽ എത്തിക്കാമായിരുന്നു.
നൂറിനടുത്ത് ജീവനക്കാരാണ് മൃഗശാലയിലുള്ളത്. കോവിഡ് കാരണം പകുതി ജീവനക്കാര്‍ മാത്രമേ എത്തുന്നുള്ളൂ. മുന്‍കാലങ്ങളില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് മൃഗങ്ങളുടെ കൂട് വൃത്തിയാക്കിയിരുന്നത്. വ്യാഴാഴ്ച ഹര്‍ഷാദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആശ്രിതർക്ക് ജോലി നൽകും –മന്ത്രി
രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച മൃഗശാല ജീവനക്കാരൻ ഹർഷാദിെൻറ ആശ്രിതർക്ക് ജോലി നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഹർഷാദ് മൃഗശാലയിലെ സ്ഥിരം ജീവനക്കാരനായിരുന്നു. ഹർഷാദിന് ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ വേഗം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത വേണമെന്ന് ജീവനക്കാർക്കും അധികൃതർക്കും നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൃഗശാല ഡയറക്ടർ മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കി. റിപ്പോർട്ട് ശനിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും.
ഉച്ചക്ക് മൂന്നോടെ ഹര്ഷാദിെൻറ മൃതദേഹം മൃഗശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു. മൃഗശാല ജീവനക്കാരും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും അന്ത്യോപചാരമർപ്പിച്ചു. വൈകീേട്ടാടെ കാട്ടാക്കടയിലെ വസതിയിലെത്തിച്ച ശേഷം ആമച്ചൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
അധികൃതരുടെ പിഴവ് –എംപ്ലോയീസ് യൂനിയൻ
രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന് മരിക്കാനിടയായത് അധികൃതരുടെ പിഴവാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കേരള മ്യൂസിയം ആന്‍ഡ് സൂ എംപ്ലോയീസ് യൂനിയൻ (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് വി.ആര്. പ്രതാപന് ആവശ്യപ്പെട്ടു. വിഷപ്പാമ്പുകളെയും വന്യമൃഗങ്ങളെയും പരിചരിക്കുന്നതിന് ഒരേസമയം രണ്ട് ജീവനക്കാരെയാണ് നിയോഗിക്കേണ്ടത്. മൃഗശാലയില്‍ ഇത് പാലിക്കുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയതായും യൂനിയന്‍ അറിയിച്ചു.
ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം –ചവറ ജയകുമാർ
മൃഗശാലയിലെ സുരക്ഷാ വീഴ്ചയാണ് ജീവനക്കാരെൻറ ദാരുണാന്ത്യത്തിന് കാരണമെന്നും രാജവെമ്പാലയെ സൂക്ഷിച്ചിരുന്ന കേജിെൻറ ഭാഗത്ത് നിരീക്ഷണ കാമറയില്ലായിരുന്നെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ കുറ്റപ്പെടുത്തി. മരിച്ചയാളുടെ കുടുംബത്തിന് മതിയായ ധനസഹായം നൽകണം. മകെൻറ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കണം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. അപകടകരമായ ജോലി ചെയ്യുന്നവർക്ക് റിസ്ക് അലവൻസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തിെൻറ സംരക്ഷണം ഏറ്റെടുക്കണം –കൊടിക്കുന്നിൽ സുരേഷ്
മ്യൂസിയത്തിൽ ജോലിക്കിടെ പമ്പുകടിയേറ്റ് മരിച്ച ജീവനക്കാരെൻറ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് െകാടിക്കുന്നിൽ സുരേഷ് എം.പി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാർ വേണ്ട സുരക്ഷാ നടപടികൾ കൈക്കൊള്ളണം. രാജവെമ്പാല പോലെയുള്ള പാമ്പുകളുടെ ആൻറി വെനം സംസ്ഥാനത്ത് ലഭ്യമാക്കാൻ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.