മേയറുടെ രാജിയില്ല, ഇനി ഒത്തുതീർപ്പ് സമരം
text_fieldsതിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ കത്ത്സമരത്തിൽനിന്ന് ബി.ജെ.പിയും യു.ഡി.എഫും പിന്നോട്ട്. മേയറുടെ രാജി ആവശ്യപ്പെട്ട് തെരുവിൽ യുവമോർച്ചയടക്കം ശക്തമായ സമരരംഗത്തുള്ളപ്പോൾ ഈ മാസം 22ന് വിഷയം ചർച്ച ചെയ്യാൻ മേയറുടെ അധ്യക്ഷതയിൽ പ്രത്യേക കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ ആര്യ രാജേന്ദ്രന് കത്ത് നൽകി.
ഒരു ഭാഗത്ത് മേയറുടെ രാജി ആവശ്യപ്പെടുമ്പോൾ മറുവശത്ത് മേയറുടെ അധ്യക്ഷതയിൽ കൗൺസിൽ ചേരാൻ തീരുമാനിച്ചതിനെതിരെ ബി.ജെ.പി കൗൺസിലർമാർക്കിടയിൽ തന്നെ അതൃപ്തി ശക്തമാണ്.
നിലവിലുള്ള 295 താൽക്കാലിക ഒഴിവുകളിൽ ഒരു ഭാഗം ബി.ജെ.പിക്കും യു.ഡി.എഫിനും വീതം വെച്ച് സംഭവമൊതുക്കി തീർക്കാനാണ് സി.പി.എമ്മിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായുള്ള ചരടുവലികൾ അണിയറയിൽ സജീവമാണ്. ഇതിന്‍റെ ബാക്കിപത്രമാണ് പ്രത്യേക കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ബി.ജെ.പി മുന്നോട്ടുവന്നത്. പ്രത്യേക കൗൺസിൽ ചേരുന്നതോടെ നിലവിലെ സമരങ്ങളും ആറിത്തണുക്കും.
പ്രത്യേക കൗൺസിൽ യോഗത്തിന് മേയർ അംഗീകാരം നൽകുന്നതോടെ അഴിമതി ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ യോഗത്തിൽ കത്തിക്കയറും. ഇതിനെ ഭരണപക്ഷം പ്രതിരോധിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ഞാണിൽ തൂങ്ങി മേയർ രക്ഷപ്പെടുകയും ചെയ്യുന്നതോടെ കൂടുതൽ ചർച്ചകളും പരസ്യപ്രതിഷേധങ്ങളും ഘട്ടം ഘട്ടം അവസാനിക്കുമെന്നാണ് സൂചന.
സമരത്തിൽ നിന്ന് പ്രതിപക്ഷം പിൻവാങ്ങുന്നതോടെ മാധ്യമശ്രദ്ധയും വിഷയത്തിൽനിന്ന് പിന്നാക്കം പോകുമെന്ന് സി.പി.എം ജില്ല നേതൃത്വം വിശ്വസിക്കുന്നുണ്ട്. കൂടാതെ, നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും പേരിൽ മാത്രമായി ഒതുങ്ങും. സമരത്തിന്‍റെ തുടക്കത്തിൽ മേയർക്ക് കോർപറേഷന്‍റെ പിൻവാതിൽ വഴിയാണ് ഓഫിസിനുള്ളിൽ പ്രവേശിക്കാനായത്. എന്നാൽ, വെള്ളിയാഴ്ച മുതൽ പ്രതിപക്ഷ സമരം തീവ്രത കുറഞ്ഞത് ഭരണപക്ഷത്തിന് ആശ്വാസമാണ്.
ദിവസം കഴിയുംതോറും സമരത്തിനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞുവരികയാണെന്ന് മേയർ ആര്യ രാജേന്ദ്രനും പരിഹസിച്ചു. കൂടാതെ, പ്രത്യേക കൗൺസിൽ ബി.ജെ.പി ആവശ്യപ്പെട്ടതിനെക്കാളും നേരത്തേ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും മേയർ അറിയിച്ചു.
തങ്ങളുടെ കൂടെ നിൽക്കുന്നവർക്കും ജോലി ലഭിക്കുമെന്നതിനാൽ യു.ഡി.എഫ് ജില്ല നേതൃത്വവും ഇത്തരം നീക്കുപോക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ മേയർക്കെതിരെയുള്ള സമരങ്ങൾക്ക് മൂർച്ച കുറയാനാണ് സാധ്യത.
രാജിവെക്കൂവെന്ന് പറയുന്നവർ സേവനവും കൈപ്പറ്റുന്നു -മേയർ
തിരുവനന്തപുരം: മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള കൗൺസിലർമാർ തൊട്ടടുത്ത നിമിഷം തന്‍റെ ഓഫിസിലെത്തി ജനകീയാസൂത്രണ പദ്ധതികളുടെ വിവരമെടുത്ത് താൻ ഒപ്പിട്ട കത്തുമായി മടങ്ങിപ്പോകുകയാണെന്ന് ആര്യ രാജേന്ദ്രൻ പരിഹസിച്ചു.
കഴിഞ്ഞ ദിവസവും കത്തുകൾ ഒപ്പിട്ട് നൽകിയിട്ടുണ്ട്. മേയറുടെ രാജി ആവശ്യപ്പെടുന്നവർക്ക് തങ്ങളുടെ വാർഡിൽ മേയറുടെ സേവനം വേണ്ടെന്ന് പറയാനും കഴിയണം. ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വ്യാജമായി അവതരിപ്പിക്കുകയും പിന്നാലെ, തന്‍റെ ഓഫിസിലെത്തി സേവനം കൈപ്പറ്റിപ്പോകുന്നവരാണ് ഇപ്പോൾ സമരം ചെയ്യുന്നത്.
ജനപിന്തുണയില്ലാത്ത സമരമാണ് ഇപ്പോൾ നടക്കുന്നത്. സമരത്തിന്‍റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് എത്രനാൾ മുന്നോട്ടുപോകുമെന്നും ആര്യ രാജേന്ദ്രൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.