വാഹനമില്ല; ഹരിത കർമസേന ശേഖരിച്ച മാലിന്യം പെരുവഴിയിൽ
text_fieldsതിരുവനന്തപുരം: യൂസർ ഫീ ഈടാക്കി വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം മാസങ്ങളായി റോഡരികുകളിലും വീട്ടുപരിസരങ്ങളിലും കെട്ടിക്കിടക്കുന്നു. ആറ്റിപ്ര സോണൽ ഓഫിസിന് കീഴിലുള്ള പൗണ്ട്കടവ്, ആറ്റിപ്ര, കുളത്തൂർ, പള്ളിത്തുറ വാർഡുകളിൽനിന്ന് ഹരിത കർമസേന ശേഖരിച്ച അജൈവ മാലിന്യമാണ് കഴിഞ്ഞ ഒന്നരമാസമായി സോണൽ ഓഫിസ് പരിസരത്തെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്‍ററിലേക്ക് മാറ്റാൻ കഴിയാതെ ജനവാസമേഖലകളിൽ കിടക്കുന്നത്.
മഴ ശക്തമായതോടെ ചാക്കുകളിൽ നിറച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിലും കുപ്പികളിലും വെള്ളം നിറഞ്ഞ് കൊതുകുകൾ പെരുകി ഡെങ്കി അടക്കമുള്ള രോഗങ്ങൾ സ്ഥിരീകരിച്ചതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവരം കൗൺസിലർമാരെ അറിയിച്ചിട്ടും ശക്തമായ ഇടപെടൽ ജനപ്രതിനിധികളിൽനിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം ഹരിതകർമ സേനാംഗങ്ങൾ തരംതിരിച്ച് ആറ്റിപ്ര സോണൽ ഓഫിസ് പരിസരത്തെ മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററിൽ (എം.സി. എഫ്) എത്തിക്കുകയും ഇവിടെനിന്ന് മുട്ടത്തറ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്‍ററിലേക്ക് മാറ്റുകയാണ് പതിവ്. വൃത്തിയുള്ളവ ക്ലീൻ കേരള വഴി റീസൈക്കിൾ ഏജൻസികൾക്ക് കൈമാറും.
പൊടിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യം പി.ഡബ്ല്യു.ഡി കോൺട്രാക്ടർമാർക്ക് റോഡ് പണിക്കും മോശമായവ തമിഴ്നാട്ടിലെ സിമന്‍റ് കമ്പനികൾക്കും കൈമാറുകയാണ് പതിവ്.
നാലുവാർഡുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിന് ഒരു പിക് അപ് ഓട്ടോ മാത്രമാണ് കോർപറേഷൻ അനുവദിച്ചിട്ടുള്ളത്. ഈ വാഹനം രണ്ടുമാസമായി വർക്ക്ഷോപ്പിലേക്ക് മാറ്റിയതോടെയാണ് മാലിന്യനീക്കം അവതാളത്തിലായത്. മാലിന്യനീക്കത്തിന് കോർപറേഷൻ ആസ്ഥാനത്തുനിന്ന് പകരം വാഹനം അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.
നഗരത്തിൽ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ കുടിവെള്ള ടാങ്കറുകളിലേക്ക് മാറ്റിയതും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി ഹെൽത്ത് ഇൻസ്പെക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.