ഇനി വീടിന്റെ ചുമരുകൾ മിണ്ടും ഈ ദമ്പതികളോട്
text_fieldsതിരുവനന്തപുരം: മിണ്ടാനും കേൾക്കാനും കഴിയാത്ത ദമ്പതികളായ തന്റെ രണ്ട് പരിചയക്കാരെകുറിച്ച് മുത്തശ്ശി പറഞ്ഞതുകേട്ടാണ് സി.എ വിദ്യാർഥിനിയായ ഏണിക്കര സ്വദേശിനി ആരതി ഇരുവരുടെയും ശബ്ദമാകാനായി എത്തിയത്. എറണാകുളത്തു നിന്ന് ക്ളാസ് പോലും മാറ്റിവെച്ച് ആരതി എത്തിയതിന് ഫലമുണ്ടായി.
ഭിന്നശേഷിക്കാരായതിനാൽ ബന്ധുക്കൾ പോലും ഉപേക്ഷിച്ച കഠിനംകുളം സ്വദേശികളായ സുരേഷിനും പാർവതിക്കും സഹായിയായാണ് ആരതി സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ എത്തിയത്. അവരുടെ ശബ്ദമായി സംസാരിച്ചു. ഇരുവരുടെയും വലിയ സ്വപ്നമായ വീടിനു വേണ്ടിയാണ് ആരതി സംസാരിച്ചത്.
വീടെന്ന സ്വപ്നത്തിന് മണ്ണും വീടും പദ്ധതിയില്‍ പഞ്ചായത്തിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന ഉറപ്പുമായി മടങ്ങുമ്പോൾ ആശങ്കയൊഴിഞ്ഞ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി. സുരേഷിന്റെ അമ്മകൂടി മരിച്ചതോടെ വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട ബധിരരും മൂകരുമായ ഇരുവരും ജോലിതേടി പാലക്കാടേക്ക് പോയി.
9 വർഷത്തിലധികം അവിടെ ലോട്ടറികച്ചവടം നടത്തി. ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതോടെ ലോട്ടറി കച്ചവടം അവസാനിപ്പിച്ച് ഇരുവരും തിരികെ കഠിനംകുളത്തേക്ക് വന്നെങ്കിലും ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ഇതിനിടെ വീടിന് വാടക കൊടുക്കുക എന്നത് ചിന്തിക്കാൻ പോലുമായില്ല.
ഇതോടെയാണ് തങ്ങളുടെ പരിചയക്കാരിയായ രാജമ്മയെ തേടി എത്തിയത്. ആഹാരത്തിനു പോലും വഴിയില്ലെന്നും ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ലെന്നും പാർവതി രാജമ്മക്ക് പേപ്പറിൽ എഴുതി നൽകി. വിഷമത്തിലായ രാജമ്മ വിവരം പേരക്കുട്ടിയായ ആരതിയോട് പങ്കിട്ടു.
ചൊവ്വാഴ്ച രാവിലെ പത്രത്തിലൂടെയാണ് സുരേഷ് അദാലത്തിനെകുറിച്ച് അറിയുന്നത്. ഉടൻ തന്നെ ആരതിയുടെ അടുത്തെത്തി. ഓൺലൈൻ ക്ലാസ് ഒഴിവാക്കി ആരതി ഇരുവരെയും കൂട്ടി അദാലത്തിലെത്തി. സര്‍ക്കാര്‍ പിന്തുണയില്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപനം യാഥാര്‍ത്ഥ്യമാകുമെന്ന ഏക പ്രതീക്ഷയായിരുന്നു ഇവർക്ക് മുന്നിലുണ്ടായിരുന്നത്.
അത് സാധ്യമായി ‘പരാതി കേട്ടതിലും അനുകൂല മറുപടി ലഭിച്ചതിലും സര്‍ക്കാരിന് നന്ദി’ എന്ന് ഒരു കഷണം പേപ്പറില്‍ പാര്‍വതി എഴുതിക്കാണിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുരേഷിന്റെ കണ്ണിലും ആനന്ദക്കണ്ണീരിന്റെ തിളക്കം കണ്ടു. വാടകവീട്ടില്‍ കഴിയുകയായിരുന്ന ഇവര്‍ ഏറെ പ്രതീക്ഷയോടെയാണ് അദാലത്തിനെത്തിയതെന്നും അനുകൂല മറുപടി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ആരതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.