നഴ്സസ് ദിനത്തിലും അവസാനിക്കാതെ നഴ്സുമാരുടെ സമരം
text_fieldsതിരുവനന്തപുരം: നഴ്‌സിങ് വിദ്യാർഥികൾക്കുള്ള കമ്യൂണിറ്റി ഹെൽത്ത് പേപ്പർ ആര് പഠിപ്പിക്കണമെന്ന തർക്കവും ഇതുമായി ബന്ധപ്പെട്ടുള്ള സമരവും തുടരുന്നു. പബ്ലിക് ഹെൽത്ത് നഴ്സുമാരും സ്റ്റാഫ് നഴ്സുമാരും തമ്മിലെ തർക്കം അനിശ്ചിതകാല സമരത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാർ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
എട്ട് പബ്ലിക് ഹെൽത്ത് നഴ്സുമാർക്ക് സ്ഥാനക്കയറ്റം നൽകി അധ്യാപകരായി നിയമിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഏപ്രിൽ 24ന് ഇറക്കിയ ഉത്തരവാണ് വിവാദമായത്. സ്റ്റാഫ് നഴ്‌സുമാരുടെയും വിദ്യാർഥികളുടെയും പ്രതിഷേധത്തെ തുടർന്ന് 27ന് മരവിപ്പിച്ചു. ഇതോടെ എട്ടുപേരും ആരോഗ്യവകുപ്പ് ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സമരവും തുടങ്ങി. ജെ.പി.എച്ച്.എൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലും നഴ്സിങ് കോളജുകളിലും കമ്യൂണിറ്റി ഹെൽത്ത് പഠിപ്പിക്കാൻ പബ്ലിക് ഹെൽത്ത് നഴ്സുമാരെ മാത്രം നിയോഗിക്കണമെന്ന് 1998ൽ സംസ്ഥാന സർക്കാർ സ്‌പെഷൽ റൂളിറക്കിയതോടെയാണ് തർക്കം തുടങ്ങിയത്. അതിന് മുമ്പ് ഈ വിഷയം പഠിപ്പിക്കാൻ ഇരുവിഭാഗത്തെയും 1:1 എന്ന അനുപാതത്തിലാണ് നിയമിച്ചിരുന്നത്.
സ്‌പെഷൽ റൂളിന്‍റെ അടിസ്ഥാനത്തിൽ 2000ൽ പബ്ലിക് ഹെൽത്ത് നഴ്സുമാർക്ക് കൂട്ടത്തോടെ സ്ഥാനക്കയറ്റം നൽകിയപ്പോൾ കേസ് ഹൈകോടതിയിലെത്തി. എന്നാൽ, നിയമനത്തിന് കോടതി അനുമതി നൽകുകയായിരുന്നു. ബി.എസ്സി നഴ്സിങ് പാസായവരാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നാണ് സ്റ്റാഫ് നഴ്സ് വിഭാഗത്തിന്‍റെ വാദം. എന്നാൽ, കമ്യൂണിറ്റി ഹെൽത്ത് പഠിപ്പിക്കാൻ പബ്ലിക് ഹെൽത്ത് നഴ്സുമാരാണ് യോഗ്യരെന്നാണ് എതിർവാദം. പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരോടുള്ള അവഗണന അവസാനിപ്പിക്കുക, പ്രൊമോഷന്‍ ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിക്കുക, സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുക, ജോലി ഉത്തരവാദിത്തങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് നല്‍കി തൊഴില്‍ അസമത്വം ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ അനിശ്ചിതകാല രാപകല്‍ സമരം നടത്തിവരുന്നത്. അഞ്ചാം ദിവസത്തെ സമരപരിപാടികള്‍ ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്. സജീവ് ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.