തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; സരിതക്കെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സരിത എസ്. നായരെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിെൻറ പരാതിയിലാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. ഇടനിലക്കാരായി പ്രവർത്തിച്ച കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർഥി രതീഷ്, ഷാജി പാലിയോട് എന്നിവരും കേസിൽ പ്രതികളാണ്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് നൽകിയാണ് തട്ടിപ്പ് നടത്തിയതത്രെ. കഴിഞ്ഞ നവംബറിൽ കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടിയെടുത്തതായി പാലിയോട് സ്വദേശി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കവെയാണ് ശനിയാഴ്ച വീണ്ടുമൊരു പരാതി ലഭിച്ചത്. തമിഴ്നാട്ടിൽ താമസിക്കുന്ന സരിത എന്ന യുവതിയുടെ തിരുെനൽവേലിയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.
യുവതിയെ നേരിൽ കണ്ടിട്ടില്ലെന്നും ഫോണിലൂടെ മാത്രമാണ് സംസാരിച്ചതെന്നും പരാതിക്കാരൻ പറയുന്നു. ഈ അക്കൗണ്ട് സോളാർ കേസ് പ്രതി സരിത എസ്. നായരുടേതാണോയെന്ന് പൊലീസ് സംശയിക്കുന്നു.
കൂടുതൽ പേർ തട്ടിപ്പിനിരയായതായാണ് പ്രാഥമിക വിവരം. പരാതി നൽകുമെന്ന് അറിഞ്ഞതോടെ പണം തിരികെ നൽകാമെന്ന വാഗ്ദാനവുമായി പ്രതികളും പങ്കാളികളെന്ന് സംശയിക്കുന്നവരും ഫോണിൽ വിളിച്ചതായും പരാതിയിലുണ്ട്.
അന്വേഷണം ആരംഭിച്ചതായി നെയ്യാറ്റിൻകര സി.ഐ ശ്രീകുമാരൻ നായർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.