എണ്ണവിലയിൽ പൊള്ളി ജനജീവിതം
text_fieldsതിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയിൽ പൊള്ളി ജനജീവിതം. കഴിഞ്ഞ ദിവസം 60 പൈസ കൂടിയതിനെതുടർന്ന് തലസ്ഥാനത്ത് ലിറ്റർ പെട്രോളിന് 116.92 രൂപയാണ് വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 7.42 രൂപയാണ് പെട്രോളിന് വില കൂടിയത്.
ഡീസലിന്‍റെ സ്ഥിതി വ്യത്യസ്തമല്ല. മാർച്ച് 27 ഒരു ലിറ്റർ ഡീസലിന് തലസ്ഥാനത്ത് 97.11 രൂപയായിരുന്നു വില. ബുധനാഴ്ചയിത് 103.69 രൂപയാണ്. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയും.
അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധന സാധാരണക്കാരന്‍റെ ജീവിതബജറ്റിനെ താളം തെറ്റിക്കുകയാണ്. എണ്ണവില പൊതുവിപണിയിലും പ്രതിഫലിച്ച് തുടങ്ങിയതാണ് സാധാരണക്കാരന് ഇരുട്ടടിയാകുന്നത്. 500 രൂപയെടുത്ത് മാറിയാൽ ഒന്നിനും തികയാത്ത സ്ഥിതി. കുടുംബങ്ങളുടെ ഉള്ളുപൊള്ളിക്കുകയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം.
നിത്യോപയോഗ സാധനങ്ങൾക്കെല്ലാം പൊള്ളും വിലയാണ്. കോവിഡ് പ്രതിസന്ധിയുടെ പേരിൽ വരുമാനം കുറയുമ്പോഴാണ് ദൈനംദിന അടുക്കള ചെലവുകൾ കൈയിലൊതുങ്ങാതെ കുതിക്കുന്നത്.
ഇന്ധനവില വർധന നേരിട്ട് ബാധിക്കുക അവശ്യവസ്തുക്കളെയാണ്. പ്രത്യേകിച്ച് പഴം, പച്ചക്കറി തുടങ്ങിയവയെ. തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായും തലസ്ഥാനത്തേക്ക് പച്ചക്കറികളെത്തുന്നത്. ഇന്ധന വില വർധനക്കനുസരിച്ച് കടത്തുകൂലി വർധിക്കുന്നത് വില വർധനക്ക് കാരണമാകും. പഴം, പച്ചക്കറി എന്നിവയെല്ലാം ശേഖരിച്ച് വെക്കാൻ കഴിയില്ലെന്നതിനാൽ ദിവസേന ടൺ കണക്കിന് അവശ്യവസ്തുക്കൾ വിവിധ ഇടങ്ങളിലേക്ക് എത്തിക്കേണ്ടിവരും. ഇവക്ക് വരുന്നതാകട്ടെ വൻ ഇന്ധനച്ചെലവും. അതുകൊണ്ടുതന്നെ ഇന്ധനവില വർധന ആദ്യം ബാധിക്കുക സാധാരണക്കാരന്‍റെ അടുക്കളകളെയാണ്.
കഴിഞ്ഞ രണ്ടുവർഷവും കോവിഡായിരുന്നു പ്രതിസന്ധിയെങ്കിൽ പിടിവിട്ടോടുന്ന വിലക്കയറ്റമാണ് ഇത്തവണ വെല്ലുവിളിയാകുന്നത്. പാചകവാതക സിലിണ്ടറുകൾക്കുള്ള വില ചൂണ്ടിക്കാട്ടി നഗരത്തിലെ ചില ഹോട്ടലുകൾ ചായക്കടക്കം വില ഉയർത്തിയിട്ടുണ്ട്.
വെജിറ്റേറിയൻ ഹോട്ടലുകളാണ് വില കൂട്ടലിൽ മുന്നിൽ. ഓട്ടോച്ചാർജ്, ബസ് ചാർജ് വർധനകൾ വരാനിരിക്കുന്നതേയുള്ളൂ. ഈ രണ്ട് ചാർജ് വർധനക്കും കാരണമായി ചൂണ്ടിക്കാട്ടുന്നത് എണ്ണ വിലതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.