പഴയ രാഷ്ട്രീയ കൂട്ടുകെട്ട് അയവിറക്കി ഉമ്മൻ ചാണ്ടിയും സി. ദിവാകരനും
text_fieldsതിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ കൂട്ടുകെട്ട് അയവിറക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സി.പി.െഎ നേതാവ് സി. ദിവാകരൻ എം.എൽ.എയും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭ വാക്കൗട്ട് പ്രസംഗങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച 'സഭയിലെ പോരാട്ടം' പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും പഴയ രാഷ്ട്രീയ ബന്ധങ്ങൾ ഒാർമപ്പെടുത്തിയത്.
തലസ്ഥാനത്ത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ അധ്യക്ഷതയിൽ കേൻറാൺമെൻറ് ഹൗസിലും എം.കെ. മുനീറിെൻറ അധ്യക്ഷതയിൽ കോഴിക്കോട്ടും ആയിരുന്നു ഒാൺലൈൻ ചടങ്ങ്.ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രത്യേക സാഹചര്യം ഉടലെടുത്തപ്പോൾ അന്ന് ഭരിച്ചിരുന്ന ഇന്ദിര ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച സി.പി.െഎയുടെ നിലപാട് ധീരവും സ്വാഗതാർഹവുമായിരുെന്നന്ന് പുസ്തകം പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ജനാധിപത്യവും മതേതരത്വവും ജനക്ഷേമവും പുലരാൻ ആഗ്രഹിക്കുന്നവർ വീണ്ടും യോജിക്കേണ്ട സമയമാണിത്. ആരോഗ്യകരമായ ചർച്ചയാണ് ജനാധിപത്യത്തിൽ വേണ്ടത്. നിയമസഭയിൽ നടക്കുന്ന അത്തരം ചർച്ചകളെ ഭയപ്പെടേണ്ട കാര്യമില്ല. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരേവിഷയത്തിൽ ഏഴ് അടിയന്തര പ്രമേയങ്ങൾക്ക് ചട്ടങ്ങൾ കണക്കിലെടുക്കാതെ അനുമതി നൽകിയത് അതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അടുത്തിടപെട്ടിട്ടുണ്ടെന്ന് പുസ്തകം സ്വീകരിച്ച് സംസാരിച്ച സി. ദിവാകരൻ ഒാർമെപ്പടുത്തി. ചിറയിൻകീഴ് ലോക്സഭ സീറ്റിൽനിന്ന് വയലാർ രവി മത്സരിച്ചപ്പോൾ അവിടുത്തെയും എ.കെ. ആൻറണി കഴക്കൂട്ടത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അവിടുത്തെയും ചുമതലക്കാരൻ താനായിരുന്നു. അക്കാലത്താണ് കോൺഗ്രസ് നേതാക്കളുമായി കൂടുതൽ അടുപ്പം ഉണ്ടായത്. അത് നല്ല ഒാർമകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന് പക്വതയാർന്ന ഉപദേശങ്ങൾ നൽകിയിട്ടുള്ളയാളാണ് സി. ദിവാകരനെന്ന് നന്ദി പറഞ്ഞ രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.