ഓണം വാരാഘോഷത്തിൽ തലസ്ഥാനം; അനന്തപുരിയിൽ തിരി തെളിഞ്ഞു
text_fieldsതിരുവനന്തപുരം: ഓണം വാരാഘോഷത്തിന് കനകക്കുന്നിലെ നിശാഗന്ധിയില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചതോടെ ആഘോഷത്തിന് തുടക്കമായി. മുഖ്യാതിഥികളായി നടന് ഫഹദ് ഫാസിലും നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങിലെത്തി. കേരളത്തിന്റെ ആത്മാവ് ജനാധിപത്യബോധമാണെന്ന് മല്ലിക സാരാഭായി പറഞ്ഞു. മലയാളസിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് തന്റെ തലമുറ കടന്നുപോകുന്നതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. അതിന് കാരണം ടൂറിസം രംഗത്തുണ്ടായ വളർച്ചയാണ്. വളർന്നുവരുന്ന സിനിമ ടൂറിസത്തിനായി എല്ലാവിധ പിന്തുണ നൽകുമെന്നും ഫഹദ് ഫാസിൽ പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി സ്വാഗതം പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, ആന്റണി രാജു, എം.പിമാരായ ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, എം.എൽ.എമാരായ വി. ജോയി, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി, ജി. സ്റ്റീഫൻ, ഐ.ബി. സതീഷ്, വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വാർഡ് കൗൺസിലർ റീന കെ.എസ്, കലക്ടർ ജെറോമിക് ജോർജ്, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് എന്നിവരും പങ്കെടുത്തു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഒന്നാംസ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യത്തോടെയാണ് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് ഇത്തവണത്തെ ഓണാഘോഷ പ്രമേയമായ ‘ഓണം, ഒരുമയുടെ ഈണം’ എന്ന ആശയത്തില്‍ കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിച്ച നൃത്തശിൽപം കാണികളുടെ ശ്രദ്ധ നേടി.
കനകക്കുന്നിലെ അഞ്ച് വേദികളുള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ തയാറാക്കിയ 31 വേദികളിലായി സെപ്റ്റംബര്‍ രണ്ട് വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. നാടന്‍കലകള്‍ മുതല്‍ ഫ്യൂഷന്‍ ബാന്‍ഡ് വരെ ഓരോ വേദിയും ആവേശക്കാഴ്ചകളാണ് കാത്തുവെക്കുന്നത്. ശനിയാഴ്ച മുതല്‍ തന്നെ ദീപാലങ്കാരങ്ങളാല്‍ നഗരം തിളങ്ങിത്തുടങ്ങി. കനകക്കുന്നില്‍ ആരംഭിച്ച ട്രേഡ്, ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പ്രധാന വേദികളെ ബന്ധിപ്പിച്ചും മറ്റ് നഗരപാതകളിലൂടെയും രാത്രി 12 വരെ ഇലക്ട്രിക് ബസ് സർവിസുണ്ട്. 10 രൂപ മാത്രമാണ് ചാർജ്. 30 രൂപ ടിക്കറ്റ് എടുത്താൽ രാത്രി 12 വരെ എവിടെ വേണമെങ്കിലും ഈ ബസിൽ യാത്ര ചെയ്യാം. പൊതുജനങ്ങൾ സ്വകാര്യവാഹനങ്ങളെ ഒഴിവാക്കി പരമാവധി പൊതുഗതാഗതസംവിധാനം ഉപയോഗിക്കണമെന്നും മന്ത്രിമാർ നേരത്തേ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് പഴുതടച്ച സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഡി.സി.പി നിധിൻ രാജ് അറിയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നഗരത്തെ ഒമ്പത് സോണുകളായും 31 ഡിവിഷനുകളായും തിരിച്ചിട്ടുണ്ട്. സോണുകൾ അസി. കമീഷണർമാരുടെയും ഡിവിഷനുകൾ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കും. സുരക്ഷക്കായി 1850 പൊലീസുകാരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ ഏർപ്പെടുത്തിയ പാർക്കിങ് സൗകര്യങ്ങളെ സംബന്ധിച്ച് പൊലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും അറിയിക്കും. പ്രധാന ഇടങ്ങളിലെല്ലാം സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി. മഫ്തി പട്രോളിങ്ങും ഡോഗ് സ്ക്വാഡ് പരിശോധനയും നടത്തുന്നുണ്ടെന്നും ഡി.സി.പി അറിയിച്ചു.
മാലിന്യ മുക്തമാക്കി ഹരിത ഓണം
തിരുവനന്തപുരം: കനകക്കുന്നിൽ ഓണാഘോഷം കൊടിയേറി. ഇനിയൊരാഴ്ചക്കാലം നഗരവീഥികളെ തിക്കിഞെരുക്കി ലക്ഷക്കണക്കിന് സന്ദർശകർ കനകക്കുന്നിലേക്ക് ഒഴുകിയെത്തും. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായി ഓണാഘോഷങ്ങൾ പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചുനടപ്പാക്കാൻ ശ്രമിക്കുകയാണ് സംഘാടകർ. ഇതിനായി കനകക്കുന്നിനെ മാലിന്യ മുക്തമായി സംരക്ഷിക്കാൻ ഗ്രീൻ ആർമിയും ഒരുങ്ങി. ഹരിത പ്രോട്ടോകോൾ പൂർണമായും നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ഇരുന്നൂറോളം വരുന്ന ഗ്രീൻ ആർമി അംഗങ്ങളാണ് രംഗത്തുള്ളത്.
സർവ സന്നാഹങ്ങളുമായി ശുചിത്വ മിഷനും നഗരസഭയും ഒപ്പമുണ്ട്. പ്ലാസ്റ്റിക്കുപയോഗിച്ച് നിർമിച്ച കനകക്കുന്ന് കവാടത്തിലെ ഭീമൻ സർപ്പം ഇതിനോടകം ജനശ്രദ്ധ നേടി. നഗരസഭ ആരോഗ്യകാര്യ സമിതി അധ്യക്ഷ ഗായത്രി ബാബു ഗ്രീൻ ആർമിയുടെ പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. മാലിന്യമുക്തം നവകേരളം കാമ്പയിൻ കോഓഡിനേറ്റർ ഗ്രീൻ ആർമിയുടെ യൂനിഫോം ടിഷർട്ടുകൾ ഗായത്രി ബാബുവിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.