കനകക്കുന്നിൽ ചാറ്റൽ മഴ; നിശാഗന്ധിയില്‍ സംഗീത മഴ
text_fieldsതിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ അഞ്ചാംദിനമായ വ്യാഴാഴ്ച പ്രധാനവേദിയായ നിശാഗന്ധിയില്‍ നാലര മണിക്കൂര്‍ മെഗാ ഷോ കാണാന്‍ വൻ ജനപ്രവാഹം. ബിഗ്ബോസ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന മെഗാ ഷോ ആട്ടവുംപാട്ടുമായി നിശാഗന്ധിയെ ഇളക്കിമറിച്ചു.
പിന്നണി ഗായകരായ ഗൗരിലക്ഷ്മി, അഞ്ജു ജോസഫ്, പുഷ്പവതി തുടങ്ങിയവര്‍ നയിച്ച സംഗീത നിശയും സിനിമ-സീരിയല്‍ താരങ്ങളായ ശ്രുതിലക്ഷ്മി, റനീഷ റഹ്മാന്, എയ്ഞ്ചല്‍ തോമസ് തുടങ്ങിയവര്‍ നയിച്ച ഡാന്‍സ് പെര്‍ഫോമന്‍സും ഷോയുടെ മാറ്റുകൂട്ടി. ഇവര്‍ക്ക് പുറമെ ദിവ്യ, സമന്യൂത, രേഷ്മ, വേദമിത്ര എന്നിവരുടെ പ്രകടനങ്ങളും വേദിയെ ആകര്‍ഷണീയമാക്കി.
വിവിധ വേദികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇന്നലെയും അരങ്ങേറിയത്. കനകക്കുന്നിലേക്കുള്ള പ്രവേശന കവാടത്തില്‍ പഞ്ചവാദ്യവും പഞ്ചാരിമേളവും പൂരപ്രതീതി തീര്‍ത്തു. തിരുവരങ്ങ്, സോപാനം വേദികളിലായി നാടന്‍പാട്ട്, പൂരക്കളി, കണ്യാര്‍ക്കളി, തോല്‍പ്പാവകൂത്ത്, സീതക്കളി തുടങ്ങിയ നാടന്‍കലകളും അരങ്ങേറി. സൂര്യകാന്തി ഗ്രൗണ്ടില്‍ കേരള ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന് നയിച്ച ഗാനമേളയും കനകക്കുന്ന് അകത്തളത്തില്‍ ചാക്യര്കൂത്തും കഥകളിയും നടന്നു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സൂരജ് സന്തോഷ്, ലക്ഷ്മി ജയന് ബാന്‍ഡിന്റെയും തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചെമ്മീന്‍ ബാന്‍ഡിന്റെ മ്യൂസിക്കല്‍ ഷോയും നിറഞ്ഞ സദസ്സിനെ ഇളക്കിമറിച്ചു.
ഓണം വാരാഘോഷം: ഇന്നത്തെ കലാപരിപാടികള്‍
വെള്ളിയാഴ്ച കനകക്കുന്ന് ഉള്‍പ്പെടെ ജില്ലയിലെ വിവിധ വേദികളിലായി നിരവധി കലാപരിപാടികള്‍ അരങ്ങേറും. കനകക്കുന്നിലെ പ്രധാന വേദിയായ നിശാഗന്ധിയില്‍ കേരള കലാമണ്ഡലത്തിന്റെ നൃത്താവിഷ്കാരം ‘മഴയൊലി’ അരങ്ങേറും. ഏഴു മുതല്‍ ഷഹബാസ് അമന് നയിക്കുന്ന ഗസല്‍ സന്ധ്യ.
തിരുവരങ്ങ് സോപാനം വേദികളിലായി നാടന്‍ പാട്ട്, കോല്‍ക്കളി, തെയ്യം, പരിചമുട്ടുകളി, തെയ്യാട്ട്, പടയണി വഞ്ചിപ്പാട്ട് എന്നീ നാടന്‍ കലകള്‍ അരങ്ങേറും. സൂര്യകാന്തിയില്‍ ചൈത്രം മീഡിയയുടെ ഗാനമേള, കനകക്കുന്ന് പ്രവേശന കവാടത്തില്‍ പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവയും നടക്കും.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗൗരി ലക്ഷ്മി ബാന്‍ഡിന്റെ ഗാനമേള, തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഓണം വൈബ്സ്, പൂജപ്പുരയില്‍, സുധീര്‍കുമാര്‍ ആര്‍പ്പോ ടീം അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും.
ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി
തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 31ലധികം വേദികളില്‍ നടന്ന അതിവിപുലമായ കലാപ്രകടനങ്ങളും ഇത്തവണ വന്‍ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഇന്ന് പ്രധാന വേദിയായ നിശാഗന്ധിയില്‍ ഷഹബാസ് അമന് നയിക്കുന്ന ഗസല്‍ സന്ധ്യയും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗൗരി ലക്ഷ്മി ബാന്‍ഡും ശംഖുംമുഖത്ത് പിന്നണി ഗായിക രാജലക്ഷ്മിയും നെടുമങ്ങാട് മൃദുല വാര്യര്‍ ബാന്‍ഡും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രഞ്ജിനി ജോസ് ബാന്‍ഡും കലാപ്രകടനങ്ങള്‍ നടത്തും.
ഇതിനുപുറമെ നിരവധി നാടന്‍ കലാരൂപങ്ങളും ശാസ്ത്രീയ സംഗീതവും ശാസ്ത്രീയ നൃത്തവും അനുഷ്ഠാനകലകളും വിവിധ വേദികളിലായി അരങ്ങേറുന്നുണ്ട്. കനകക്കുന്നിലെ ട്രേഡ് ഫെയറും എക്സിബിഷനും ഭക്ഷ്യമേളയും ഇതിനോടകം ഓണംവാരാഘോഷത്തിനെത്തുന്നവരുടെ ഇഷ്ടസ്ഥലങ്ങളായി മാറി. രാവിലെ 10 മുതല്‍ വൈകുന്നേരം 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കാന്‍ കഴിയുന്ന സ്റ്റാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, വിവിധ ജില്ലകളുടെ രുചികള്‍ ആസ്വദിക്കാന്‍ കഴിയുന്ന അതിവിപുലമായ ഫുഡ് കോര്‍ട്ട്. കുട്ടികള്‍ക്ക് വിവിധ വിനോദങ്ങളിൽ ഏര്‍പ്പെടാന്‍ കഴിയുന്ന ഗെയിം സോണ്‍ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.