ആവേശം കൊടിയിറങ്ങി; ഓണം വാരാഘോഷത്തിന് വർണാഭമായ സമാപനം
text_fieldsതിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഒരാഴ്ചയിലെ സന്ധ്യകളെ വർണാഭമാക്കിയ ഓണാഘോഷത്തിന് ഘോഷയാത്രയോടെ കൊടിയിറക്കം. മഴമാറിനിന്ന അന്തരീക്ഷത്തിൽ മനോഹര ഫ്ലോട്ടുകളും താളമേളങ്ങളും അകമ്പടിയായ ഘോഷയാത്ര കാണികൾക്ക് ആവേശമായി. കവടിയാർ മുതൽ കിഴക്കേകോട്ടവരെ റോഡിനിരുവശവും തടിച്ചുകൂടിയ ജനസഞ്ചയം തൃശൂർപൂരത്തിന്റെ ജനപങ്കാളിത്തത്തെ വെല്ലുന്നതായി. വൈകീട്ട് അഞ്ചോടെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്രയുടെ മുൻവശം രാത്രി 7.30 ഓടെയാണ് കിഴക്കേകോട്ടയിൽ എത്തിയത്. ഉച്ചക്ക് രണ്ടര മുതൽ ജനം റോഡുകൾ കൈയടക്കി.
സെക്രട്ടേറിയറ്റിന് മുൻവശം, മ്യൂസിയം-വെള്ളയമ്പലം റോഡ് തുടങ്ങിയ ഇടങ്ങളിൽ ജനം ആദ്യമേ ഇരിപ്പുറപ്പിച്ചു. റോഡ് േനർരേഖയായി കാണത്തക്കവിധം രണ്ടുവശത്തും ജനം തിക്കിത്തിരക്കുന്ന കാഴ്ചയായിരുന്നു എങ്ങും. കേരളത്തിനകത്തും പുറത്തുംനിന്ന് എത്തിയ ആയിരങ്ങൾ നഗരവീഥിയിൽ ആരവമുയർത്തി. അഞ്ചിന് ഘോഷയാത്ര ആരംഭിച്ചെങ്കിലും ഓരോ പോയന്റും കടക്കാൻ സമയമേറെയെടുത്തു. അതുവരെ ജനം ക്ഷമാപൂർവം കാത്തിരുന്നു. ഡിവൈഡറിലും നടപ്പാതകളിലും ഇരുന്ന കാഴ്ചക്കാർ ഫ്ലോട്ടുകൾ കടന്നുവന്നപ്പോൾ എഴുന്നേറ്റ് ആവേശപൂർവം കൈവീശി. വാദ്യമേളകൾക്കൊപ്പം താളംചവിട്ടിയും മാവേലിയുടെയും വാമനന്റെയും വേഷധാരികൾക്ക് ഹസ്തദാനം നൽകിയും ഫ്ലോട്ടുകൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്തും ജനം ആവേശക്കൊടുമുടിയേറി.
അനൗൺസ്മെന്റ് വാഹനത്തിന് പിന്നാലെ പൊലീസ് ബാൻഡ്, കുതിരപൊലീസ്, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട എന്നിവ അണിനിരന്നു. നാടൻകലാരൂപങ്ങളാണ് തുടർന്ന് ഘോഷയാത്രയെ അകമ്പടി സേവിച്ചത്. കൊമ്പുപാട്ട്, ഗരുഡൻപറവ, കുഴൽപാട്ട്, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, പൂക്കാവടി, തെയ്യം, പൂതൻതിറ, വേലകളി, പൂരക്കളി എന്നിവ ഒന്നിനുപിറെക ഒന്നായി നീങ്ങി. ഒപ്പന, മാർഗംകളി, തിറയാട്ടം, പരിചമുട്ടുകളി, മയൂര നൃത്തം എന്നിവ പിന്നാലെ എത്തി. ആയിരത്തോളം കലാകാരന്മാരാണ് വിവിധ കലാരൂപങ്ങളുമായി ഘോഷയാത്രയിൽ നിറഞ്ഞത്. ശേഷം വ്യത്യസ്ത ആശയങ്ങളുൾക്കൊള്ളുന്ന ഫ്ലോട്ടുകൾ നിരനിരയായി എത്തി. അരിക്കൊമ്പൻ മുതൽ ചന്ദ്രയാൻവരെ നീളുന്ന 60 ഓളം ഫ്ലോട്ടുകളാണ് കാഴ്ചക്ക് വിസ്മയം തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.