ദീപാലങ്കാരം ചാർത്തിയ കനകക്കുന്ന്; ഒഴുകിയെത്തി ജനം
text_fieldsതിരുവനന്തപുരം: വെളിച്ചത്തിന്റെ ആഘോഷമാണ് നഗരത്തിലെങ്ങും. മഴനൂലുകൾപോലെ ആകാശത്തുനിന്ന് പെയ്തിറങ്ങുകയാണ് മാലബൾബുകൾ. അത് കാണാനെത്തിയാൽ കാഴ്ചക്കപ്പുറം രുചികളും നുണയാം. മലബാറിന്റെ വൈവിധ്യ രുചികളില്‍ ഭക്ഷ്യമേള സജീവമാണ്. വയറു നിറഞ്ഞാൽ കലകൾ ആസ്വദിക്കാം.
കുട്ടികള്‍ക്കായി ഒരുക്കിയ ഗെയിം സോണും അരുമമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്ന പെറ്റ്ഷോയുമാണ് കുടുംബങ്ങളുടെ ഇഷ്ടപരിപാടികൾ. കാഴ്ചയുടെയും രുചിയുടെയും കലാസ്വാദനത്തിന്റെയും കോംബോ പാക്കാണ് കനകക്കുന്നിലും സമീപത്തുമായി ഒരുക്കിയ വേദികളിൽ ഒരുക്കിയിട്ടുള്ളത്.
ചിരിച്ചും ചിന്തിപ്പിച്ചും താരങ്ങളുടെ തമാശയും യുവഗായകരുടെ പാട്ടുകളും കോർത്തിണക്കിയ മെഗാഷോ കാണാനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രവേശന കവാടത്തിൽ ക്ഷേത്ര വാദ്യകലാസമിതിയുടെ പഞ്ചവാദ്യവും ദേവപുരം കലാസമിതിയുടെ ചെണ്ടമേളവും നടന്നു.
അവിട്ടം ദിനത്തിൽ കനകക്കുന്നിലെ പ്രധാന വേദിയായ നിശാഗന്ധിയില്‍ നര്‍ത്തകി കൃഷ്ണ സുരേഷിന്റെ കുച്ചുപ്പുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പ്രകാശ് ഉള്ളിയേരി സംഘത്തിന്റെ ഫ്യൂഷന്‍ മ്യൂസിക് എന്നിവയിൽ വൻ ജനപങ്കാളിത്തം രേഖപ്പെടുത്തി. നിണബലി, സര്പ്പപ്പാട്ടും തിരിയുഴിച്ചിലും, ദഫ്മുട്ട്, നാടന്‍പാട്ട്, വനിതകളുടെ ദഫ്മുട്ട്, പാവനാടകം എന്നീ നാടന്‍ കലകളും അരങ്ങേറി.
ഭക്ഷ്യമേളയിലേക്ക് വൈകുന്നേരം നാലുകഴിഞ്ഞാല്‍ ജനപ്രവാഹമാണ്. നാടിന്റെ നാനാഭാഗത്തുള്ള രുചികള്‍ ഒരു കുടക്കീഴില് ലഭിക്കുന്ന സന്തോഷത്തിലാണ് ഭക്ഷണപ്രേമികള്‍. വൈകുന്നേരങ്ങളില്‍ ഭക്ഷ്യമേളയില്‍ എത്തുന്നവര്‍ക്ക് ഏറെ പ്രിയം ചായയും കട്ടനും നാലുമണി പലഹാരങ്ങളുമാണ്.
ട്രെന്‍ഡിങ്ങായി ലേസര്‍ ഷോ
വിദേശരാജ്യങ്ങളിൽ പ്രസിദ്ധമായ ലേസര്‍ ഷോ ഇതാദ്യമായാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ പരിപാടിക്കുവേണ്ടി ഉപയോഗിക്കുന്നത്. മലയാളം, തമിഴ് ഹിറ്റ് പാട്ടുകള്‍ക്കൊപ്പം ലേസര്‍ പ്രകാശവും ചേരുന്നതോടെ കാണികൾക്ക് ആടിത്തിമിര്‍ക്കാനുള്ള വേദിയാകുകയാണ് കനകക്കുന്ന്.
ഓണം വാരാഘോഷത്തിൽ വ്യാഴാഴ്ച
തിരുവരങ്ങില്‍ വൈകീട്ട് ആറ് മുതല്‍ ജനാര്ദനന് പുതുശ്ശേരിയുടെ നാടന്‍പാട്ട്, 6.40 ന് പൂരക്കളിയും 7.10 ന് കണ്യാര്‍കളി സോപാനം വേദിയില്‍ വൈകീട്ട് ആറുമുതല്‍ മുതല്‍ വിപിന്‍ വിശ്വനാഥ പുലവര്‍ അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത്, ഏഴുമുതല്‍ സംഘവേദി നാടന്‍പാട്ട് സംഘത്തിന്റെ നാടന്‍പാട്ട്, 7.30 മുതല്‍ സീതക്കളി അക്കാദമി അവതരിപ്പിക്കുന്ന സീതക്കളി
കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടില്‍ വൈകീട്ട് ഏഴുമുതല്‍ കേരള ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ ഗാനമേള
കനകക്കുന്നിലെ പ്രവേശന കവാടത്തില്‍ വൈകീട്ട് അഞ്ചുമുതല്‍ ശ്രീപത്മനാഭ കലാക്ഷേത്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യം. ആറുമുതല്‍ പഞ്ചാരിമേളം
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴുമുതല്‍ സൂരജ് സന്തോഷ് ബാന്‍ഡ്
തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ ചെമ്മീന്‍ ബാന്‍ഡ്, പൂജപ്പുരയില്‍ നിത്യ മാമന് ആൻഡ് ടീം ഗാനമേള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.