ഏകദിനം: ആളില്ലാ ഗാലറിയാകുമോയെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക അവസാന ഏകദിനത്തിന് ഒരു പകൽദൂരം മാത്രം ബാക്കിനിൽക്കെ മത്സരം കാണാൻ ആളില്ലാതെ വരുമോയെന്ന ആശങ്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ.
വെള്ളിയാഴ്ച രാത്രിവരെ ആറായിരത്തോളം ടിക്കറ്റുകൾ മാത്രമാണ് ഓൺലൈൻ വഴി വിറ്റഴിഞ്ഞത്. കോംപ്ലിമെന്ററി പാസുകൾ കൂട്ടിച്ചേർത്താൽപോലും 39,572 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ പകുതിപോലുമാകില്ല. ടിക്കറ്റ് വിൽപനയിലെ ഇടിവ് സംബന്ധിച്ച് തലപുകഞ്ഞ് ആലോചിക്കുകയാണ് കെ.സി.എ.
ടിക്കറ്റ് നിരക്ക് സംബന്ധിച്ച് കായികമന്ത്രി വി. അബ്ദുറഹിമാൻ കൊളുത്തിവിട്ട വിവാദം ഇപ്പോഴും ഗ്രൗണ്ട് വിട്ടിട്ടില്ല. ഉയർന്ന ടിക്കറ്റ് നിരക്കാണ് തിരിച്ചടിയായതെന്ന് സർക്കാർ വാദിക്കുമ്പോൾ ആരാധകരുടെ നിസ്സഹകരണത്തിന് പിന്നിൽ നിരക്ക് വർധനയല്ലെന്ന് വിശ്വസിക്കാനാണ് കെ.സി.എക്ക് ഇഷ്ടം.
അപ്പർ ടിക്കറ്റിന് 1000 രൂപയും ലോവറിന് 2000 രൂപയുമാണ് ഈടാക്കുന്നത്. വിദ്യാർഥികൾക്ക് 500 രൂപയാണ്. ഇതിൽ താഴ്ത്തി ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്നും പരമ്പരയിലെ ആദ്യ മത്സരങ്ങൾ നടന്ന ഗുവാഹതിയിലെയും കൊൽക്കത്തയിലെയും ടിക്കറ്റ് നിരക്കിനെക്കാൾ കുറവാണ് തിരുവനന്തപുരത്തേതെന്നും കെ.സി.എ സെക്രട്ടറി എസ്. വിനോദ് കുമാർ പറയുന്നു.
കഴിഞ്ഞ ടി20 മത്സരത്തിൽ ഉയർന്ന ടിക്കറ്റ് നിരക്കായിട്ടും സ്റ്റേഡിയം നിറഞ്ഞിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ കാര്യവട്ടത്തെ മത്സരം അപ്രസക്തമായി. ഇതാണ് ഞായറാഴ്ചത്തെ മത്സരത്തിന് തിരിച്ചടിയായതെന്നാണ് കെ.സി.എയിലെ ഒരുവിഭാഗത്തിന്റെ വാദം.
കൂടാതെ ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന മത്സരം രാത്രി 10.30വരെ നീളും. ഇത്രയും സമയം സ്റ്റേഡിയത്തിൽ ചെലവഴിക്കാനുള്ള വിമുഖതയും ടിക്കറ്റ് വിൽപനയിൽ പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ, റണ്ണൊഴുകുമെന്ന മോഹന വാഗ്ദാനം കേട്ട് വൻതുക മുടക്കി കാര്യവട്ടത്തേക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് അതിനുള്ള പ്രതിഫലം പിച്ചിൽനിന്ന് ലഭിക്കാത്തത് ഇത്തവണ തിരിച്ചടിയായിട്ടുണ്ടെന്നും ആരാധകരിൽ ഒരുവിഭാഗം ആരോപിക്കുന്നു.
2018 നവംബറിലാണ് ഗ്രീൻഫീൽഡ് ആദ്യ ഏകദിനത്തിന് വേദിയായത്. അന്ന് വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 31.5 ഓവറിൽ 104 റൺസിന് പുറത്തായതോടെ പകൽ- രാത്രി മത്സരം സൂര്യാസ്തമയത്തിന് മുമ്പ് ഇന്ത്യയുടെ വിജയത്തോടെ അവസാനിച്ചു.
2017ൽ ന്യൂസിലാൻഡിനെതിരെ നടന്ന ആദ്യ ട്വന്റി20 മത്സരം മഴയിൽ മുങ്ങിയതോടെ മത്സരം എട്ടോവറായി ചടങ്ങ് തീർത്തു. 2019ൽ വെസ്റ്റിന്‍ഡീനെതിരായ രണ്ടാം ടി20യും കാണികളെ ആവേശം കൊള്ളിച്ചില്ല. കഴിഞ്ഞ സെപ്റ്റംബറിലും ‘റൺ ഒഴുകുന്ന പിച്ചിൽ’ പന്തുകൾ മൂളിപ്പറന്നതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20യും ആരാധകരുടെ ട്രോളിൽ മുങ്ങി. അതുകൊണ്ടുതന്നെ ഇത്തവണ കളി ടി.വിയിൽ കാണാമെന്ന് ചിന്തിച്ചവരും ഏറെയാണ്.
സ്റ്റേഡിയത്തിൽ ശ്രദ്ധിക്കാൻ
- പ്രവേശനം രാവിലെ 10.30 മുതൽ
- പാസിനൊപ്പം തിരിച്ചറിയൽ കാർഡ് നിർബന്ധം
- മൊബൈൽ ഫോൺ അനുവദനീയം
- ലഹരി ഉപയോഗിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ല.
- ഭക്ഷണം കാണികളുടെ ഇരിപ്പിടത്തിന് അടുത്തായി ലഭിക്കും
കൊണ്ടുവരാൻ പാടില്ലാത്തവ
- പ്ലാസ്റ്റിക് / മദ്യക്കുപ്പി
- വടി, കുട, ബാഗ്
- കൊടിതോരണങ്ങൾ
- കറുത്ത കൊടി, പടക്കം
- ബീഡി, സിഗരറ്റ്, തീപ്പെട്ടി
- എറിയാൻ പറ്റുന്ന മറ്റ് സാധനങ്ങൾ,
- പുറത്ത് നിന്നുള്ള ഭക്ഷണസാധനങ്ങളും വെള്ളവും
- ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷക്ക്
- 800 പൊലീസുകാർ
- 13 ഡിവിഷനുകളായി തിരിച്ചുള്ള സുരക്ഷാക്രമീകരണം
- ഓരോ ഡിവിഷനും അസിസ്റ്റന്റ് കമീഷണർമാർക്കും സി.ഐമാർക്കും ചുമതല
- 10 ഡി.എസ്.പി, 17 സി.ഐ, 63 എസ്.ഐ
- 10 സ്പെഷൽ സ്ട്രൈക്കർ ഫോഴ്സുകൾ
- (ഹോട്ടൽ മുതൽ സ്റ്റേഡിയം വരെ)
- ഹോട്ടലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ
സുരക്ഷാ ഡ്യൂട്ടിയിൽ
- തിരുവനന്തപുരം സിറ്റി പൊലീസ്
- ആംഡ് പൊലീസ് ബറ്റാലിയനുകൾ
- സ്റ്റേറ്റ് പൊലീസ് കമാൻഡോ സംഘം
- ബോംബ് സ്ക്വാഡ്
- മഫ്തി പൊലീസ് സംഘം
ഗതാഗതക്രമീകരണം
വഴി തിരിഞ്ഞ് പോകേണ്ടത്:
ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് ശ്രീകാര്യം, മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെട്ടുറോഡ് നിന്ന് തിരിഞ്ഞ് ചന്തവിള- കാട്ടായിക്കോണം-ചെമ്പഴന്തി-ശ്രീകാര്യം വഴി
ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപാസ് -മുക്കോലയ്ക്കല്‍ വഴി
കിഴക്കേകോട്ട, കോവളം, പാപ്പനംകോട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ് നിന്ന് കഴക്കൂട്ടം ഫ്ലൈ ഓവർ കയറി ചാക്ക ഈഞ്ചക്കൽ വഴി
ശ്രീകാര്യം ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്ക്-മണ്‍വിള-കുളത്തൂര്‍ വഴി ബൈപാസിലെത്തി കഴക്കൂട്ടം ഫ്ലൈ ഓവർ വഴി
പാർക്ക് ചെയ്യാൻ പാടില്ലാത്ത ഇടങ്ങൾ:
പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങൾ
കാര്യവട്ടം ജങ്ഷന് മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡ്, ഇടറോഡുകൾ
പാര്‍ക്കിങ് ക്രമീകരണങ്ങൾ
ഇരുചക്ര വാഹനങ്ങൾക്ക്:
സ്റ്റേഡിയത്തിന്റെ മെയിൻ ഗേറ്റിൽ ടിക്കറ്റ് കാണിച്ച് അകത്തുള്ള പാർക്കിങ് ഏരിയകളിൽ
കഴക്കൂട്ടം റോഡിലെ മുസ്ലിം പള്ളിക്ക് പിറകുവശത്ത് ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത്
കാറുകൾക്ക്:
കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസ്
കാര്യവട്ടം ഗവ. കോളജ്
എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്
കാര്യവട്ടം ബിഎഡ് സെന്റർ ഗ്രൗണ്ട്
പൊലീസ് നിർദേശിക്കുന്ന മറ്റ് സ്ഥലങ്ങൾ
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക്:
കാര്യവട്ടം കാമ്പസിന് 50 മീറ്ററിന് മുമ്പായി പാങ്ങപ്പാറ ഭാഗത്തേക്ക് മാറ്റിനിർത്തണം
ആളുകളെ ഇറക്കിയ ശേഷം പോകണം.
പാർക്കിങ്ങിനായി നിർദേശിച്ചയിടങ്ങളിലല്ലാതെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ എച്ച്. നാഗരാജു അറിയിച്ചു.
ട്രാഫിക് സംബന്ധമായ പരാതികളും നിർദേശങ്ങളും 9497987001, 9497987002 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.