റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തട്ടിപ്പിൽ ഇടനിലക്കാരനായി പ്രവർത്തിച്ച കർണാടക ഹൂബ്ലി സ്വദേശി രാജേഷ് നായരെയാണ് (46) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മുഖ്യപ്രതികളായ കൊല്ലം സ്വദേശി രേഷ്മ, ഇവരുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ അനൂജ എന്നിവർ നേരത്തേ പിടിയിലായിരുന്നു.
റെയിൽവേയിൽ ജൂനിയർ റിസർവേഷൻ ആൻഡ് എൻക്വയറി ക്ലർക്ക് തസ്തികയിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് തിരുവല്ലം പുഞ്ചക്കരി സ്വദേശി രാഹുലിൽനിന്ന് (22) മൂവരും ചേർന്ന് ഏഴരലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. തമിഴ്നാട്ടിലെ റെയിൽവേ റിക്രൂട്ട്മെന്റ് ഓഫിസിൽ രാഹുലിനെ എത്തിച്ചായിരുന്നു തട്ടിപ്പ്.
രാഹുലിനെ പുറത്ത് നിർത്തിയശേഷം ഓഫിസിനകത്ത് പോയ രേഷ്മ കുറച്ച് സമയത്തിനുശേഷം തിരികെയെത്തി ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും പിൻവാതിൽ നിയമനമായതിനാൽ ഓഫിസനകത്ത് ഇപ്പോൾ പ്രവേശിക്കണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്നും അറിയിച്ചു. ദിവസങ്ങൾക്ക് ശേഷം വ്യാജ നിയമന ഉത്തരവും തിരിച്ചറിയൽ കാർഡും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ ഇവർ രാഹുലിന് അയച്ചു.
റെയിൽവേ ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനൂജയാണ് രാഹുലിനെ ബന്ധപ്പെടുന്നത്. പരിശീലനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഫീൽഡ് വർക്കാണെന്നും ഓരോ സ്റ്റേഷനിലും പ്ലാറ്റ്ഫോം ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്യണമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുനൽവേലിയിലടക്കം പ്ലാറ്റ്ഫോമിൽ ഇയാൾ യൂനിഫോമിൽ ടിക്കറ്റ് പരിശോധകനായി ജോലി ചെയ്തു.
എന്നാൽ, റെയിൽവേ ഉദ്യോഗസ്ഥരുടെ ഓഫിസിലേക്ക് പ്രവേശിക്കരുതെന്ന് രാഹുലിന് കർശന നിർദേശവും ഉണ്ടായിരുന്നു. ഒരുമാസമായപ്പോഴേക്കും 20,000 രാഹുലിന്റെ അക്കൗണ്ടിലേക്ക് ശമ്പള ഇനത്തിൽ നൽകി. എന്നാൽ, പാലക്കാട് റെയിൽവേ സ്റ്റേഷനിൽവെച്ച് രാഹുലിനെ അവിടെത്തെ ടിക്കറ്റ് എക്സാമിനർ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
തുടർന്ന് രാഹുൽ തമ്പാനൂർ പൊലീസിൽ പരാതി നൽകി. മൂവർ സംഘത്തിന്റെ തട്ടിപ്പിൽ നേരത്തേ പലരും ഇരയായെങ്കിലും ഇവർക്ക് പണം തിരികെ നൽകി പരാതികൾ ഒതുക്കി തീർക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.