ജനറൽ ആശുപത്രിയിൽ കൗണ്ടറുകളിലൊന്ന് പ്രവർത്തിച്ചില്ല; ജീവനക്കാരിക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ കാഷ് കൗണ്ടറുകളിലൊന്ന് പ്രവർത്തിക്കാത്തത് കമ്പ്യൂട്ടർ കേടായത് കൊണ്ടെന്ന് ജീവനക്കാരി. പരിശോധനയിൽ കമ്പ്യൂട്ടർ പ്രവർത്തനസജ്ജമാണെന്ന് കണ്ടെത്തിയതോടെ ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം.
മുന്നറിയിപ്പില്ലാതെ ആരോഗ്യമന്ത്രി ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം. ജനറല്‍ ആശുപത്രിക്ക് മുന്നിലെ കാഷ് കൗണ്ടറിലാണ് മന്ത്രി ആദ്യമെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രണ്ട് കൗണ്ടറുകളുള്ളതായി ബോര്‍ഡുണ്ടെങ്കിലും ഒന്നു മാത്രമേ പ്രവര്‍ത്തിക്കാറൂള്ളൂവെന്ന് ക്യൂവില്‍ നിന്നയാള്‍ പരാതി പറഞ്ഞു.
ഉടന്‍ മന്ത്രി കൗണ്ടറില്‍ കയറി കാര്യമന്വേഷിച്ചു. കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞു. ഉടന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്തി. കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലായി. ഇതോടെയാണ് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുനഃസ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയത്.
സ്റ്റാഫ് നഴ്സുമാരായി ജോലി ചെയ്തിട്ടും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ചിലര്‍ പരാതിപ്പെട്ടു. തടസ്സങ്ങള്‍ നീക്കി അവര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് മന്ത്രി നിര്‍ദേശിച്ചു. അത്യാഹിത വിഭാഗം, വെയിറ്റിങ് ഏരിയ, ഫാര്‍മസി, കോവിഡ് വാര്‍ഡ്, ഓപറേഷന് തിയറ്റര്‍ കോംപ്ലക്സ്, വിവിധ ഐ.സി.യുകള്‍, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി. അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂനിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദേശിച്ചു. സ്ട്രോക്ക് ചികിത്സക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണം.
ആശുപത്രി സൗകര്യം, സേവനം, ചികിത്സ എന്നിവ ഉറപ്പാക്കാനാണ് ആശുപത്രി സന്ദര്‍ശനം നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തിരക്കൊഴിവാക്കുന്നതിന് ഒ.പി കൗണ്ടറുകളും ചില പരിശോധനാ മുറികളും രോഗികള്‍ക്ക് സൗകര്യപ്രദമായവിധം പുനഃക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി.ആര്. രാജു മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.