ഓൺലൈൻ തട്ടിപ്പ്: ഒരുമാസത്തിനിടെ ഇരകൾ എട്ടുപേർ
text_fieldsതിരുവനന്തപുരം: ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വീണ പടിഞ്ഞാറേകോട്ട സ്വദേശിനിക്ക് 37 ലക്ഷം രൂപ നഷ്ടമായി. ഇതോടെ ഈ മാസം ജില്ലയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായവർ എട്ടായി. ആകെ നഷ്ടം 1.37 കോടി രൂപ. നാലുദിവസം മുമ്പ് പോങ്ങുംമൂട് സ്വദേശിനിയും സമാന തട്ടിപ്പിന് ഇരയായി.
9.5 ലക്ഷം രൂപയാണ് അവർക്ക് നഷ്ടമായത്. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാമെന്ന പരസ്യത്തിലാണ് പടിഞ്ഞാറേകോട്ടയിലെ യുവതി വീണത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ സംഘം അയച്ച ലിങ്കുകൾ വഴി യൂട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വന്നുതുടങ്ങി.
കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തു. ഇത് വിശ്വസിച്ച യുവതി അമ്മയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ബാങ്കിൽനിന്ന് പിൻവലിച്ചും സുഹൃത്തിൽനിന്ന് കടംവാങ്ങിയും ലക്ഷങ്ങൾ അയച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സൈബർ ക്രൈം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.