ഓണ്‍ലൈന്‍ തട്ടിപ്പ്; മനുവിന് കംബോഡിയയിൽ വിപുല സംവിധാനങ്ങൾ
text_fieldsതിരുവനന്തപുരം: ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ കഴിഞ്ഞ ജൂണിൽ തിരുവനന്തപുരം സ്വദേശിയുടെ രണ്ട് കോടിയോളം രൂപ കൈക്കലാക്കിയ മലപ്പുറം സ്വദേശി മനു കംബോഡിയൻ തട്ടിപ്പുകളുടെ സൂത്രധാരൻ.
പിടിയിലായ മനു കംബോഡിയയില്‍ അപ്പാര്‍ട്മെന്റ് വാടകക്കെടുത്ത് ഓൺലൈൻ തട്ടിപ്പ് കേന്ദ്രമായ കമ്പ്യൂട്ടര്‍ അധിഷ്ഠിത കാൾ സെന്റർ നടത്തിവരുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ യുവാക്കളെയാണ് ഇവിടെ ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാം പോലുള്ള സാമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇരയുടെ വിശ്വാസ്യത നേടിയാണ് തട്ടിപ്പിന്റെ തുടക്കം.
പിന്നീട് സ്റ്റോക്ക് മാര്‍ക്കറ്റിങ് ട്രേഡിങ്ങിൽ അമിതലാഭം ഉണ്ടാക്കുന്നതിന് സഹായകമായ ടിപ്പുകളും ഉപദേശങ്ങളും നൽകും. എ.ഐ സഹായത്തോടെ ശബ്ദ വ്യതിയാനം വരുത്തി ഇരകളുടെ ഫോണിൽ സ്റ്റോക്ക് മാര്‍ക്കറ്റിങ് സർവിസ് ആപ്പുകള്‍ ഇൻസ്റ്റാൾ ചെയ്യിപ്പിക്കും. ഓൺലൈൻ ട്രേഡിങ് അക്കൗണ്ടിന്റെ പേരിലാണ് പലതവണകളായി ഇരകളിൽനിന്ന് പണം വാങ്ങുന്നത്.
വിപുലമായ പദ്ധതികളിലൂടെയാണ് മനു കംബോഡിയ ആസ്ഥാനമാക്കി ഓൺലൈൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കാൾ സെന്ററും ജീവനക്കാരും ഒാഫിസുമെല്ലാം ഇതിനായി സജ്ജമാക്കി. കുറുക്കുവഴികളിലുടെ വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്ന യുവാക്കളെ തടവിലാക്കിയാണ് കാൾസെന്ററുകളിൽ ജോലിചെയ്യിപ്പിക്കുന്നത്.
യുവാക്കളിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ദേശസാത്കൃത ബാങ്ക് അക്കൗണ്ടുകൾ കമീഷൻ വ്യവസ്ഥയിൽ സ്വന്തമാക്കിയിരുന്നു. തുച്ഛ ലാഭത്തിനാണ് യുവാക്കൾ സ്വന്തം അക്കൗണ്ടുകൾ വാടകക്ക് നൽകുന്നത്. അക്കൗണ്ടില്‍ വരുന്ന പണം ബാങ്കില്‍നിന്ന് പിന്‍വലിച്ച് കമീഷന് തുക എടുത്ത ശേഷം ബാക്കി ഏജന്റ് മുഖേന കൈമാറും.
ചില അക്കൗണ്ട് ഉടമകൾ പണം കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ടില്‍ ചേര്‍ത്ത സിംകാര്‍ഡും വിൽപന നടത്തി. ഇവരെ അറസ്റ്റ് ചെയ്തതിൽ നിന്നാണ് മനു കംബോഡിയയിലാണെന്ന് മനസ്സിലാക്കിയത്.
ഇതോടെ മനുവിനെതിരെ ലുക്ഔട്ട്-ബ്ല്യു കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നു. ഇയാൾ കംബോഡിയയിൽനിന്ന് ഡിസംബർ 31ന് തമിഴ്നാട് തിരുച്ചിറപ്പള്ളി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോൾ സിറ്റി സൈബര്‍ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.