ഓൺലൈൻ തട്ടിപ്പ്: അഭിഭാഷകന് നഷ്ടമായത് 93 ലക്ഷം
text_fieldsതിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ പ്രമുഖ ക്രിമിനൽ അഭിഭാഷകന് നഷ്ടമായത് 93 ലക്ഷം രൂപ. ഓഹരി വിപണിയിൽ വൻ ലാഭം കൊയ്യാമെന്ന് ധരിപ്പിച്ച് വളരെ വിദഗ്ധമായാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശിയും മുതിർന്ന അഭിഭാഷകനുമായ ശാസ്തമംഗലം അജിത് കുമാറിന്റെ പക്കൽനിന്ന് പലതവണയായി 92,86,588 രൂപ തട്ടിപ്പ് സംഘം സ്വന്തമാക്കിയത്. സൈബർ കേസുകളിലും കസ്റ്റംസ്, എൻ.ഐ.എ എന്നീ കേന്ദ്ര ഏജൻസികൾക്കടക്കം ഹാജരാകുന്ന സീനിയർ അഭിഭാഷകനാണ് ശാസ്തമംഗലം അജിത് കുമാര്‍.
ജൂൺ 21 മുതൽ ജൂലൈ 27വരെയായി ഒരു മാസംകൊണ്ടാണ് പല തവണയായി 93 ലക്ഷത്തിലധികം രൂപ അഭിഭാഷകനിൽനിന്ന് സംഘം തട്ടിയെടുത്തത്. ജൂണ്‍ 21ന് ശാസ്തമംഗലം അജിത് കുമാറിന്റെ വാട്സ്ആപ് നമ്പറിൽ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. വിദേശ നമ്പറിൽനിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വൻ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു. തുക ഓഹരി വിപണയിലിട്ടാൽ മികച്ച ലാഭം നേടാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഷേർഖാൻ ക്ലബ് 88 എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ആഡ് ചെയ്തു.
അതിനു പിന്നാലെ ബ്ലാക്ക് ടൈഗേഴ്സ് എന്ന ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പറഞ്ഞു. പിന്നീട് ബന്ധപ്പെട്ടത് മറ്റൊരാള്‍. രണ്ടു തവണയായി അഞ്ചു ലക്ഷം രൂപ ഇടാൻ ആവശ്യപ്പെട്ടു. ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചു. ഇതോടെയാണ് ശാസ്തമംഗലം അജിത് കുമാർ കൂടുതൽ തുക നൽകാൻ തയാറായത്. ജൂലൈ 27 വരെ പല ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 93 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്തു. പിന്നെ ഇവരെക്കുറിച്ച് വിവരമൊന്നും ഇല്ലാതായി. കാണിച്ച ലാഭമെല്ലാം വ്യാജമാണെന്നും കണ്ടെത്തി. ഇതോടെ അഭിഭാഷകൻ സൈബർ പൊലീസിൽ പരാതി നൽകി. സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.