ഓൺലൈൻ വഴി മൊബൈലുകൾ വരുത്തി കവർച്ച; ഡെലിവറി സംഘം പിടിയിൽ
text_fieldsമംഗലപുരം: വ്യാജ വിലാസത്തിൽ ഓൺലൈൻവഴി മൊബൈൽ ഫോണുകൾ വരുത്തി കവർച്ച നടത്തിയ ഡെലിവറി സംഘം പിടിയിൽ. പോത്തൻകോട് അയിരുപ്പാറ സ്വദേശി അരുൺ (24), പോത്തൻക്കോട് കല്ലൂർ സ്വദേശി അജ്മൽ (27) എന്നിവരാണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്.
ഫ്ലിപ്കാർട്ടിൽനിന്ന് വ്യാജ വിലാസത്തിൽ ഓർഡർ ചെയ്തു വരുത്തിയശേഷം മേൽവിലാസക്കാരൻ മടക്കി അയച്ചതായി കാണിച്ച് ഡെലിവറി സ്ഥാപനത്തിൽ എത്തിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ കവർന്ന് കവറുകൾ തിരികെ കൊടുക്കുന്നതാണ് പ്രതികളുടെ രീതി.
മാർച്ച് മുതൽ മേയ് വരെ 15ഓളം വിലപിടിപ്പുള്ള മൊബൈൽ ഫോണുകളാണ് പ്രതികൾ കവർന്നത്. ഈ ഫോണുകൾ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തി. ഇങ്ങനെ വിൽപന നടത്തിയ ആറ് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു.
പാക്കറ്റുകളിൽനിന്ന് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടത് മനസ്സിലായ ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ഏജൻസിയായ ഇ-കാർട്ട് മംഗലപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.