പദ്ധതികൾ എട്ടുനിലയിൽ പൊട്ടി; ഗുണ്ടകൾക്ക് കഞ്ഞിവെച്ച് പൊലീസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തും തലസ്ഥാനത്തും ഗുണ്ടകളെ അമർച്ച ചെയ്യാനും അടിച്ചൊതുക്കാനും പൊലീസ് ആവിഷ്കരിച്ച പദ്ധതികൾ എട്ടുനിലയിൽ പൊട്ടിയതാണ് ഒരിടവേളക്കുശേഷം ജില്ലയിൽ ഗുണ്ടാ ആക്രമണം ശക്തമാക്കിയത്. ഓപറേഷൻ സുപ്പാരി, ഓപറേഷൻ കാവൽ, ഓപറേഷൻ ആഗ് എന്നീപേരുകളിൽ സംസ്ഥാന-ജില്ല പൊലീസ് മേധാവിമാർ തട്ടിക്കൂട്ടിയ പദ്ധതികളൊന്നും ഫലം കണ്ടില്ല.
2023 ജനുവരിയിലാണ് നഗരത്തിൽ ‘ഓപറേഷൻ സുപ്പാരി’ പദ്ധതി ആവിഷ്കരിച്ചത്. ക്രിമിനൽസംഘങ്ങളുടെ ഫോട്ടോ ഉൾപ്പെടെ വ്യക്തിഗത വിവരം ശേഖരിച്ച് ‘പേഴ്സനൽ പ്രൊഫൈൽ’ തയാറാക്കി നിരന്തരം നിരീക്ഷിക്കാനും ഗുണ്ടകളുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളും സഞ്ചാരവും നിരീക്ഷിച്ച് വിലയിരുത്തി നടപടികൾ സ്വീകരിക്കാനുമുള്ള പദ്ധതി പേരിലൊതുങ്ങി.
പോത്തൻകോട് യുവാവിനെ കൊലപ്പെടുത്തി കാൽ വെട്ടിയെറിഞ്ഞതിനുപിന്നാലെ സംസ്ഥാനവ്യാപകമായി ഓപറേഷൻ കാവൽ കൊണ്ടുവന്നിരുന്നു. ഡി.ജി.പിയായിരുന്ന അനിൽ കാന്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. ആദ്യം നല്ല രീതിയിൽ മുന്നോട്ടുപോയ പദ്ധതി പിന്നീട് പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട് പൊളിച്ചടുക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരത്ത് സ്പെഷൽ ബ്രാഞ്ചിലും സ്റ്റേഷനിലും ഉള്ളവർക്ക് ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകി.
ഇത്തരത്തിലെ മറ്റൊരു പദ്ധതിയായിരുന്നു ഓപറേഷൻ ആഗ്. ‘ആക്സിലറേറ്റഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ഗൂൺസ് ’എന്നതിന്റെ ചുരുക്കപ്പേര്.
ഗുണ്ടകളുടെ ചരിത്രവും ഇപ്പോഴത്തെ പ്രവർത്തനങ്ങൾ, ആസ്തിവിവരങ്ങൾ, സുഹൃത്തുക്കൾ, സഹായികൾ, ബന്ധുക്കൾ, പണം നൽകുന്നവർ, ഏറ്റവും അടുപ്പമുള്ളവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ വിവരങ്ങൾ ശേഖരിക്കാനായിരുന്നു തീരുമാനം. എന്നാൽ അതും എങ്ങുമെത്താതായതോടെ ഗുണ്ടകൾ വീണ്ടും കൊലവിളിയുമായിറങ്ങി.
സ്പെഷൽ ബ്രാഞ്ച് അഥവാ ചില വീട്ടുകാര്യങ്ങൾ
ഒരുകാലത്ത് ഗുണ്ടകളുടെ നീക്കം ശക്തമായി നിരീക്ഷിച്ചിരുന്ന ജില്ല-സംസ്ഥാന സ്പെഷൽ ബ്രാഞ്ചുകാർ ഇപ്പോൾ വീടുകളിൽ കുടുംബകാര്യങ്ങളുമായി ഒതുങ്ങുകയാണ്. നേരേത്ത ഓരോ സ്റ്റേഷൻപരിധിയിലുമുള്ള ഗുണ്ടകളുടെ പ്രവർത്തനങ്ങളും ലഹരിമാഫിയകളുടെ ഇടപെടലും സാമൂഹികവിരുദ്ധരുടെ താവളങ്ങളും ജയിലിൽനിന്ന് ഇറങ്ങിയ ക്രിമിനലുകളുടെ പ്രവർത്തനങ്ങളും ഇവർ കൃത്യമായി ഉന്നത പൊലീസുകാർക്ക് കൈമാറിയിരുന്നു.
എന്നാൽ ഇപ്പോൾ സ്റ്റേഷൻപരിധിയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖരുടെ പരിപാടികളും പ്രതിഷേധസാധ്യതകളും അന്നന്നത്തെ അറസ്റ്റ്, കസ്റ്റഡിവിവരങ്ങളും വൈകീട്ടോടെ പൊലീസ് സ്റ്റേഷനിലെത്തി കൈമാറി പണി ഒതുക്കുകയാണിവർ.
സ്റ്റേഷൻപരിധിയിലെ ക്രിമിനലുകളുടെ എണ്ണംപോലും അറിയാത്തവരാണ് ഇപ്പോൾ ജില്ല സ്പെഷൽബ്രാഞ്ചിലുള്ള ഭൂരിഭാഗവും.
ഗുണ്ടകളുടെ സാമീപ്യം പോലും അറിയില്ല
മുൻകാലങ്ങളിൽ സ്റ്റേഷനുകളിൽ നടക്കുന്ന പൊലീസിന്റെ വെള്ളിയാഴ്ച പരേഡുകളിൽ ഓരോ സ്റ്റേഷൻ പരിധിയിലെയും പ്രധാന ഗുണ്ടകളെ 'റൗഡി ഹിസ്റ്ററി ലിസ്റ്റ്' നോക്കി വിളിച്ചുവരുത്തുന്ന പതിവുണ്ടായിരുന്നു.
പരേഡിന്റെ അവസാനം ഓരോ ഗുണ്ടയെയും സ്റ്റേഷൻ എസ്.എച്ച്.ഒ പൊലീസുകാർക്ക് പരിചയപ്പെടുത്തും. ഇതുവഴി പുതുതായെത്തുന്ന പൊലീസുകാർക്ക് സ്ഥലത്തെ ക്രിമിനലുകളെ മനസ്സിലാക്കാനും ഗുണ്ടകൾക്ക് പൊലീസ് നിരീക്ഷിക്കുന്നതായ ഭയവും ഉണ്ടാകും. എന്നാൽ ഏറെ നാളായി ഈ രീതിയില്ലാത്തതിനാൽ പ്രധാന ക്രിമിനലുകളെ പോലും പൊലീസുകാർക്ക് തിരിച്ചറിയാനാവുന്നില്ല.
രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവർ
കൊലവെറിയുമായി നാട് കിടുക്കുന്ന ഗുണ്ടകളെ ഗുണ്ടാനിയമം ചുമത്തി ജയിലിലടക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നത് പൊലീസും രാഷ്ട്രീയക്കാരുമാണ്.
കാരണം, ഗുണ്ടകൾ ഇരുകൂട്ടർക്കും വേണ്ടപ്പെട്ടവരാണ്.
രാഷ്ട്രീയസ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തില്ല. അല്ലെങ്കിൽ ഗുണ്ടാനിയമം ചുമത്താൻ കലക്ടർക്കുള്ള അപേക്ഷയിൽ വിവരങ്ങൾ തെറ്റിക്കും.
ഫയലിൽ കേസ് നമ്പറും വകുപ്പും സെക്ഷനുകളും തെറ്റായെഴുതും. വിവരങ്ങൾ തെറ്റാണെങ്കിൽ കലക്ടർക്ക് കരുതൽതടങ്കലിന് ഉത്തരവിടാനാവില്ല. കലക്ടർമാരെ രാഷ്ട്രീയക്കാർ സ്വാധീനിക്കുന്നതും പതിവാണ്. കലക്ടർ നടപടിയെടുത്താൽ കാപ്പ ബോർഡിലും ഹൈകോടതിയിലും അപ്പീൽ നൽകി ഗുണ്ടകൾ ഊരിപ്പോരും.
ഐ.ടി നഗരം ഗുണ്ടകളുടെ താവളമായി; തുടർച്ചയായി അക്രമങ്ങൾ ഉണ്ടായിട്ടും പൊലീസ് നോക്കുകുത്തി
കഴക്കൂട്ടം: ഒരിടവേളക്കുശേഷം കഴക്കൂട്ടം ഗുണ്ടകളുടെ താവളമാകുന്നു. ഐ.ടി നഗരമായ കഴക്കൂട്ടത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർച്ചയായി വിവിധ തരത്തിലുള്ള അക്രമങ്ങളാണ് നടക്കുന്നത്. പൊലീസിന്റെ നിഷ്ക്രിയത്വമാണ് ക്രിമിനലുകൾ കഴക്കൂട്ടം കേന്ദ്രീകരിക്കാൻ കാരണമായി നാട്ടുകാർ പറയുന്നത്.
ഏപ്രിൽ 21ന് രാത്രി 11.30 ഓടെ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘം മറ്റൊരു സംഘവുമായി സംഘർഷമുണ്ടായി. ഇതിൽ ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേർ ഇപ്പോഴും ചികിത്സയിലാണ്. തർക്കകാരണം പൊലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
മൂന്നാഴ്ച മുമ്പാണ് കഴക്കൂട്ടം മേനംകുളത്ത് വീട് കുത്തിത്തുറന്ന് 35 പവൻ കവർന്ന കേസിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. നാല് ദിവസം മുമ്പാണ് കഴക്കൂട്ടം മഹാദേവർ ക്ഷേത്രോത്സവത്തിന്റെ സമാപനദിവസമുണ്ടായ സംഘർഷത്തിനിടെ പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ചത്. അതേദിവസംതന്നെയാണ് പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ മുളകുപൊടി എറിഞ്ഞ് മർദിച്ചശേഷം ഒരു കിലോയോളം സ്വർണം കവർന്ന കേസിലെ പ്രതിയും കൂട്ടാളികളും സഞ്ചരിച്ച കാർ കത്തിച്ചതും.
പൊലീസിൽ പരാതി നൽകിയ ആളുടെ വീട് കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയും സംഘവും തീയിട്ട് നശിപ്പിച്ചിരുന്നു. തൊട്ടുമുമ്പ് വീട് കയറി ആക്രമിച്ചതിന് പഞ്ചായത്ത് ഉണ്ണിയെ അറസ്റ്റ് ചെയ്ത കഴക്കൂട്ടം പൊലീസ് നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷന് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനുശേഷമാണ് പരാതിക്കാരന്റെ വീട് കത്തിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് മാറി വന്ന ഉദ്യോഗസ്ഥർക്ക് കഴക്കൂട്ടത്തെ പല സ്ഥലങ്ങളും കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. ഗുണ്ടകളെക്കുറിച്ച് പൊലീസിനെ അറിയിക്കുന്നവരുടെ വിവരങ്ങൾ പലപ്പോഴും ചില പൊലീസുകാർതന്നെ ഗുണ്ടകളോട് കൈമാറുന്നെന്ന പരാതിയുമുണ്ട്.
അതുകൊണ്ടുതന്നെ വിവരങ്ങൾ പറയാൻ നാട്ടുകാർ മടിക്കുകയാണ്. അക്രമികളെ പിടികൂടാൻ പൊലീസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുമ്പോൾതന്നെ വിവരം ഗുണ്ടാകേന്ദ്രങ്ങളിൽ എത്തുന്നതായും പരാതി ഉണ്ട്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ ഗുണ്ടകൾ മണ്ണുമാഫിയ സംഘങ്ങളുമായി ചേർന്ന് പണമുണ്ടാക്കിയാണ് അക്രമങ്ങൾ അഴിച്ചുവിടുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ഐ.ടി ഹബ്ബായ കഴക്കൂട്ടത്ത് രാത്രികാലസവാരികൾ ഉൾപ്പെടെ ഉണ്ടായിട്ടും പൊലീസിന്റെ ഇടപെടലില്ലാത്തതിൽ ജനങ്ങൾ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.