വിനോദസഞ്ചാര മേഖലയില്‍ മാറുന്ന കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മാറുന്ന കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങൾ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പോത്സവത്തിന്റെയും റിഗാറ്റ നാട്യസംഗീത കേന്ദ്രയുടെ 50ാം വാര്‍ഷികത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പകല്‍ അധ്വാനത്തിനുശേഷം രാത്രി മാനസികോല്ലാസത്തിനായി കലാപരിപാടികള്‍ സംഘടിപ്പിക്കുക എന്നത് കേരളത്തിന്റെ പൈതൃകത്തിന്റെ ഭാഗമായിരുന്നു. ഇത്തരം രീതികളെ തിരിച്ചുകൊണ്ടുവരാനാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ സമാധാനാന്തരീക്ഷം ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ ആര്യാ രാജേന്ദ്രന് റോസാച്ചെടി നല്കി നഗരവസന്തവും റിഗാറ്റ നാട്യസംഗീത കേന്ദ്ര ഡയറക്ടര്‍ ഗിരിജ ചന്ദ്രന് ചിലങ്ക നല്കി റിഗാറ്റയുടെ 50ാം വാര്‍ഷിക പരിപാടികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. നഗരവസന്തത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച് ഓണ്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
മന്ത്രിമാരായ ജി.ആര്. അനില്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്, വി.കെ. പ്രശാന്ത് എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനുശേഷം റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി. റിഗാറ്റ നാട്യസംഗീത കേന്ദ്രത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 10 ദിവസം നീളുന്ന നൃത്തോത്സവത്തിനാണ് തുടക്കമായത്.
കാഴ്ചകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: നഗരവസന്തം പുഷ്പോത്സവത്തിലെ അത്ഭുതക്കാഴ്ചകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. കനകക്കുന്നില്‍ ഒരുക്കിയ പ്രദര്‍ശന നഗരിയിലേക്ക് വൈകീട്ട് മൂന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
തിരക്ക് ഒഴിവാക്കാൻ നഗരത്തിലെ അഞ്ചുകേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്നിലെ പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍.
പ്രദര്‍ശനം രാത്രി ഒന്നുവരെ നീളും. രാത്രി 12വരെ ടിക്കറ്റുകള്‍ ലഭ്യമാകും. കഫേ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20ഓളം സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫുഡ്കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.