പാളയം സി.എസ്.ഐ പള്ളി: വിശ്വാസികൾ തമ്മിൽ സംഘർഷം
text_fieldsതിരുവനന്തപുരം: പാളയം എല്‍.എം.എസിലെ സി.എസ്.ഐ ദക്ഷിണകേരള മഹാ ഇടവക ഓഫിസിന് മുന്നിൽ വിശ്വാസികൾ തമ്മിൽ ചേരിതിരിഞ്ഞ് തർക്കവും സംഘർഷവും. ദക്ഷിണ കേരള മഹാ ഇടവകയുടെ അധികാരവുമായി ബന്ധപ്പെട്ടാണ് തർക്കം. ബിഷപ്പിന്റെ ചുമതലയുള്ള മനോജ് റോയിസ് വിക്ടറിനെ ഇറക്കിവിട്ടു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്തവർക്കെതിരെ പൊലീസ് ലാത്തിവീശി. വ്യാഴാഴ്ച സന്ധ്യക്ക് ആരംഭിച്ച സംഘര്‍ഷാവസ്ഥ രാത്രി അവസാനിച്ചു. തർക്കത്തെ തുടർന്ന് പള്ളി കോമ്പൗണ്ടിന്റെ നിയന്ത്രണം തഹസിൽദാർ ഏറ്റെടുത്തു.
സി.എസ്.ഐ ദക്ഷിണകേരള മഹാ ഇടവകയില്‍ രണ്ടുവര്‍ഷമായി തുടരുന്ന ഭരണതര്ക്കത്തിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച ഉണ്ടായ സംഭവം. മുന്‍ ബിഷപ് ധര്‍മരാജ് റസാലം, അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി ടി.ടി. പ്രവീണ്‍ എന്നിവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മദ്രാസ് ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. മദ്രാസ് ഹൈകോടതിയുടെ ഉത്തരവനുസരിച്ച് രണ്ട് റിട്ട. ജഡ്ജിമാരെ ഇടവകയുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിച്ചിരുന്നു. മുന്‍ അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി പ്രവീണിന് പകരം മുന്‍ പൊലീസ് സൂപ്രണ്ട് കെ.ജി. സൈമണെയാണ് സെക്രട്ടറിയായി നിയമിച്ചത്.
മദ്രാസ് ഹൈകോടതി വിധിക്കെതിരെ ബിഷപ് ധര്‍മരാജ് റസാലം, അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി ടി.ടി. പ്രവീണ്‍ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഈ കേസില്‍ സുപ്രീംകോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നു. തല്‍സ്ഥിതി തുടരണമെന്നും നിലവിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങളെടുക്കരുതെന്നുമായിരുന്നു കോടതി നിർദേശിച്ചത്. കേസ് അടുത്തമാസത്തേക്ക് മാറ്റി.
എന്നാല്‍, തങ്ങള്‍ക്കനുകൂലമായ ഉത്തരവാണ് സുപ്രീംകോടതിയിലുണ്ടായതെന്ന വാദവുമായാണ് മുന്‍ സെക്രട്ടറി പ്രവീണും സംഘവും ഓഫിസില്‍ അതിക്രമിച്ചുകയറിയത്. ഈ സമയം കെ.ജി. സൈമൺ ഓഫിസിലുണ്ടായിരുന്നില്ല. പ്രതിഷേധം തടയാനെത്തിയ ബിഷപ് ഇന്‍ ചാര്‍ജ് ഡോ. റോയ്സ് മനോജ് വിക്ടറിനെ പ്രവീണും സംഘവും ഓഫിസിൽനിന്ന് ഇറക്കിവിട്ടതോടെ മറുവിഭാഗം ചോദ്യംചെയ്ത് രംഗത്തെത്തി. തര്‍ക്കം രൂക്ഷമായതോടെ നിലവിലെ ഭരണസമിതിയെ അനുകൂലിക്കുന്ന വിശ്വാസികള്‍ ഇടവക ആസ്ഥാനത്ത് തടിച്ചുകൂടി. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് രാത്രി അസി. കലക്ടറുടെ നേതൃത്വത്തിൽ ഇരുവിഭാഗവുമായി ചർച്ച ചെയ്യുകയും വെള്ളിയാഴ്ച കലക്ടറുടെ അധ്യക്ഷതയിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.