താളിയോല രേഖ മ്യൂസിയം സജ്ജം; മൺമറഞ്ഞകാലം ഇനി കഥപോലെ വായിച്ചറിയാം
text_fieldsതിരുവനന്തപുരം: ഭൂതകാലത്തിന്റെ അടരുകളിൽനിന്ന് ഇനി പൂർവികരുടെ തുടിക്കുന്ന ജീവിതവും അവർ നടന്നുതീർത്ത സ്ഥലരാശികളും കഥപോലെ വായിച്ചറിയാൻ തലസ്ഥാനത്ത് താളിയോല മ്യൂസിയം സജ്ജമായി. തിരുവനന്തപുരം കോട്ടയിലെ പഴയ തടവറക്കെട്ടിടമാണ് പൗരാണിക അറിവിന്റെ നിലവറയായി പരിവർത്തിപ്പിച്ചിരിക്കുന്നത്.
ഫോർട്ടിലെ സെൻട്രൽ ആർക്കൈവ്സ് കെട്ടിടത്തിനാണ് ഈ പുതിയ നിയോഗം. അച്ചടി തുടങ്ങാത്ത കാലത്തെ ഭരണവും നിയമവും വിദ്യാഭ്യാസവും ചികിത്സയും ക്രയവിക്രയങ്ങളും ശിക്ഷാവിധികളും സാമ്പത്തിക ഇടപാടുകളുമടക്കം സകല സാമൂഹിക ചലനങ്ങളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് താളിയോലകൾ.
തിരുവിതാംകൂറും കൊച്ചിയും മലബാറുമടങ്ങുന്ന കേരളത്തിന്റെ പഴമയിലേക്കും സംസ്കാരിക ചരിത്രത്തിലേക്കും താളിയോലകളിലൂടെ ഗൃഹാതുരവും വൈജ്ഞാനികവുമായ തിരിഞ്ഞുനടക്കാനുള്ള അവസരമാണ് എട്ട് ഗാലറികളിലായി സജ്ജമാക്കിയ താളിയോല മ്യൂസിയം തുറന്നുനൽകുന്നത്.
ഒരു കോടിയോളം താളിയോല രേഖകളടങ്ങിയ വിപുല ശേഖരത്തിൽനിന്ന് വിഷയാടിസ്ഥാനത്തിൽ തെരഞ്ഞെടുന്ന 187 രേഖകളാണ് 6000 ചതുരശ്ര അടി വിസ്തീർണമുള്ള ഗാലറികളിൽ പുതുകാലത്തിന്റെ ഭാഷയിൽ വിന്യസിച്ചിരിക്കുന്നത്. 13ാം നൂറ്റാണ്ടുമുതൽ പഴക്കമുള്ള രേഖകളാണ് ഇതിലുള്ളത്.
എഴുത്തിന്റെ കഥ പറയുന്നതാണ് ആദ്യ ഗാലറി. മണ്ണും മനുഷ്യനും, ഭരണസംവിധാനം, യുദ്ധവും സമാധാനവും, വിദ്യാഭ്യാസവും ആരോഗ്യവും, സമ്പത്ത്, സാമൂഹികക്ഷേമം, മതിലകം രേഖകൾ എന്നിങ്ങനെ തുടരുന്നു മറ്റ് ഏഴ് ഗാലറികൾ.
സന്ദർശകരോട് ഫലപ്രദമായി സംവദിക്കുന്നതിന് സ്ക്രീനുകളും ശബ്ദവിന്യാസങ്ങളുമടക്കം സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം നാടിന് സമർപ്പിക്കും. ആദ്യ ഒരുമാസം പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. പിന്നീട് ടിക്കറ്റ് വരും.
മുൻ തടവറ ഇനി അറിവിന്റെ കലവറ
താളിയോല മ്യൂസിയം നിലകൊള്ളുന്ന കെട്ടിട മുത്തശ്ശിക്ക് പല നിയോഗങ്ങളുടെയും ചരിത്രദൗത്യങ്ങളുടെയും കഥ പറയാനുണ്ട്. ആദ്യകാലത്ത് നായർ പടയാളികളുടെ താവളമായിരുന്നു ഈ നിർമിതി. പിന്നീട് (200 കൊല്ലം മുമ്പ്) കുറ്റവാളികളെ പാർപ്പിക്കുന്ന ‘ബന്ദേഖാന’ അഥവ തടവറയായി. 1887ൽ പൂജപ്പുരയിൽ ജയിൽ സമുച്ചയം യാഥാർഥ്യമായതോടെ തിരുവിതാംകൂറിന്റെ ഔദ്യോഗിക രേഖാലയമായ ഹജൂർ വെർണാക്കുലർ റെക്കോഡ്സ് ഈ മന്ദിരത്തിൽ പ്രവർത്തിച്ചുതുടങ്ങി.
1964ൽ പുരാരേഖ വകുപ്പ് രൂപപ്പെട്ടപ്പോൾ അതിന് കീഴിൽ താളിയോല ശേഖരം സൂക്ഷിക്കുന്ന മേഖല ഓഫിസായി മാറി. 2022 ഡിസംബറോടെ താളിയോല മ്യൂസിയമെന്ന പുതിയ നിയോഗത്തിലേക്കാണ് ഈ പൗരാണിക മന്ദിരം ചുവടുവെക്കുന്നത്.
പുത്തൻചന്ത നിർമാണം മുതൽ ജാതിത്തടവറകൾവരെ
തലസ്ഥാനത്ത് പുത്തൻചന്ത സ്ഥാപിക്കാൻ 1817ൽ ഇറങ്ങിയ വിളംബരം ഇവിടെ കാണാം. തിങ്കളാഴ്ച തോറും പ്രവർത്തിക്കുന്ന ഈ ചന്തയെക്കുറിച്ച് ഗൗരി പാർവതി ഇറക്കിയ വിളംബരം നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിൽ വായിച്ചിരുന്നു.
തിരുവിതാംകൂറിൽ സ്ത്രീശാക്തീകരണത്തിനായി ‘വേലക്കടകൾ’ തുടങ്ങുന്നതിന് രാജാവ് 300 രൂപ അനുവദിച്ച് ഇറക്കിയ ഉത്തരവുമുണ്ട്. ഉള്ളൂരിൽനിന്ന് വടക്കോട്ട് വഴിവെട്ടുന്നതിന് നിലങ്ങൾ ഏറ്റെടുക്കാൻ 1817ൽ പുറപ്പെടുവിച്ച ഉത്തരവാണ് മറ്റൊന്ന്. തിരുവനന്തപുരം തെക്ക്-വടക്ക് താലൂക്കുകൾ, കോട്ടയ്ക്കകം, അനന്തപുരം കച്ചവടകേന്ദ്രം എന്നിവ ഉൾക്കൊള്ളിച്ച് ടൗൺ പൊലീസ് രൂപവത്കരിച്ച് 1843ൽ ഇറക്കിയ ഉത്തരവ് പ്രദർശിപ്പിച്ചിട്ടുണ്ട്.
തൈക്കാട് സുറിയാനിപ്പള്ളി പണിയാൻ അനുവാദം നൽകിയുള്ള 1739ലെ ഉത്തരവ്, നേമം പള്ളിയിൽ ലബ്ബയായി കമ്മതു മൈതീയനെ നിയമിച്ചുള്ള ഉത്തരവ്, നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പണിയാൻ സഹായം നൽകിയത് തുടങ്ങിയ ചരിത്രസാക്ഷ്യങ്ങളുടെ താളിയോലകളുമുണ്ട്. തിരുവിതാംകൂറിൽ തടവുകാർക്ക് ജാതി തിരിച്ച് തടവറകൾ ക്രമീകരിച്ചതിന്റെ തെളിവ് രേഖകളുമുണ്ട്. ചാന്നാർ, ഈഴവർ ഉൾപ്പെടെയുള്ള തടവുകാർക്കാണ് പ്രത്യേകം ഇടം നിശ്ചയിച്ച് 1844ൽ ഉത്തരവിറക്കിയത്.
2000 തോക്കുകളുടെ കഥ, പണത്തിന് പകരം കുരുമുളക്
തിരുവിതാംകൂർ രാജ്യം ആയുധം ശേഖരിച്ചിരുന്നതിന്റെ താളിയോല രേഖകൾ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. 1780ൽ കൊച്ചിയിൽനിന്ന് 2000 തോക്ക് വാങ്ങിയതിന്റെ രേഖകളാണിത്. തോക്ക് വാങ്ങിയ വകയിലെ പണം കൊച്ചി കോട്ടയിൽനിന്ന് കുരുമുളകിന്റെ പണത്തിൽ വരവുവെക്കാനും ഉത്തരവ് നിഷ്കർഷിക്കുന്നു. കൊച്ചി സർക്കാറിന്റെ തോക്കുകൾ കേടുപാടുകൾ തീർക്കുന്നതിന് 1822ൽ ഇറക്കിയ ഉത്തരവുമുണ്ട്.
അധികാരപരിധിക്ക് പുറത്തുനിന്ന് പുകയില പിടിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് ഇറക്കിയ 1881ലെ വിചിത്ര ഉത്തരവ്, 1877ലെ കൊച്ചിയിലെ ജനസംഖ്യ നിയന്ത്രണം, പൊലീസുകാർക്ക് ഉടുപ്പും തലപ്പാവും വാങ്ങിയത്, സെക്രട്ടേറിയറ്റിലെ ഇംഗ്ലീഷ് എഴുത്തുകുത്തുകൾക്കായി ഡെപ്യൂട്ടി സെക്രട്ടറിയെ നിയമിച്ചത്, ഉത്തരവുകൾ ഇറക്കുന്നതിന് രണ്ടു ലക്ഷം താളിയോലകൾ കൊട്ടാരക്കരയിൽനിന്ന് വരുത്തിയത്, ജനറൽ ആശുപത്രിയുടെ തുടക്കം എന്നിവ സംബന്ധിച്ച രേഖകൾ പ്രദർശനത്തിലുണ്ട്.
സർക്കാർ ജീവനക്കാർക്ക് പെൻഷൻ അനുവദിച്ചുള്ള 1864 ലെ ഉത്തരവാണ് മറ്റൊന്ന്. ടി.എസ് കനാൽ പണിയുന്നതിന് 1860ൽ ഒരു ലക്ഷം രൂപ ഖജനാവിൽനിന്ന് അനുവദിച്ചുള്ള ഉത്തരവ്, കരമനമുതൽ കിഴക്കോട്ട് റോഡ് പണിയുന്നതിന് 1848ൽ ഇറക്കിയ ഉത്തരവ്, കിള്ളിയാറിൽ കല്ലണ കെട്ടുന്നതിന് 1825ൽ ഇറക്കിയ രാജവിളംബരം കൗതുകമുണർത്തും.
ഇന്ന് പഞ്ചിങ്, അന്ന് പിഴ
ഉദ്യോഗസ്ഥരുടെ ഹാജറിന് ഓഫിസുകളിൽ ഇന്ന് പഞ്ചിങ് സംവിധാനമാണെങ്കിൽ വരവുപോക്കുകൾ നിരീക്ഷിക്കുന്നതിന് അന്നും സംവിധാനമുണ്ടായിരുന്നു. ഓഫിസിൽ രാവിലെ 11നും എത്താത്തവർക്ക് പിഴ ഏർപ്പെടുത്തി 1857ൽ ഇറക്കിയ ഉത്തരവ് ഇതിന് അടിവരയിടുന്നു.
അഞ്ചു രൂപ ശമ്പളക്കാരിൽനിന്ന് കാൽ രൂപയും മറ്റ് ശമ്പളക്കാരിൽനിന്ന് ഒരു രൂപയുമായിരുന്നു പിഴ. എഴുത്തിന്റെ കഥപറയുന്ന ഗാലറിയിൽ എഴുത്തിന്റെ തുടക്കവും ശിലാചിത്രങ്ങളും ഗുഹാചിത്രങ്ങളും കാണാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുളയില്‍ എഴുതപ്പെട്ട രേഖകളായ മുളക്കരണങ്ങള്‍, കോപ്പർ പ്ലേറ്റിലെ ചെപ്പേടുകള്‍, താളിയോലകള്‍, എഴുത്തുപകരണങ്ങൾ, ഒരുകൂട്ടം താളിയോലകളുടെ ശേഖരമായ ചുരുണകൾ എന്നിവയുമുണ്ട്. ചുരുണകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ തിരുവിതാംകൂറിൽ ഉപയോഗിച്ചിരുന്ന ചുരുണപ്പെട്ടിയും ഇവിടെയുണ്ട്.
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലിലെ 1874ലെ താളിയോലയിലെ ഭൂമിരേഖ, 1864ൽ അറയ്ക്കൽ കൊട്ടാരത്തിലേക്ക് പാട്ടം മടക്കിനൽകിയ മറുപാട്ട ഓല എന്നിവയുണ്ട്. 1818ൽ കുളച്ചലിൽ നീലം കൃഷി തുടങ്ങിയത് സംബന്ധിച്ചും 1881ൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയൽ കാപ്പി കൃഷിക്ക് അനുമതി നൽകിയതിനെക്കുറിച്ചുമുള്ള രേഖകളും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.