പിതാവിന്റെ ചികിത്സക്കായി ആടിനെ വിറ്റ അസ്ന മോൾക്ക് സഹായവുമായി ഇടിഞ്ഞാർ സ്കൂളിലെ ‘ആഗ്രഹപ്പെട്ടി
text_fieldsഅസ്നമോൾ സമ്മാനമായി കിട്ടിയ ആടിനൊപ്പം
പാലോട്: സന്നദ്ധ സംഘടനയും അധ്യാപകരും ചേർന്ന് സ്കൂളിൽ സ്ഥാപിച്ച ആഗ്രഹപ്പെട്ടി അസ്ന മോൾക്ക് നഷ്ടപ്പെട്ട ആട്ടിൻകുട്ടിക്ക് പകരം ആട്ടിൻകുട്ടിയെ സമ്മാനിച്ചു. അർബുദ ബാധിതനായ പിതാവിന്റെ ചികിത്സക്കായാണ് അസ്ന ആട്ടിൻകുട്ടിയെ വിറ്റത്.
വിദ്യാർഥികളുടെ ചെറിയ ആഗ്രഹങ്ങൾ കുറിപ്പായി എഴുതി സ്കൂളിൽ സ്ഥാപിച്ച ബോക്സിൽ നിക്ഷേപിക്കാം. കുട്ടികളുടെ ആഗ്രഹങ്ങൾ അധ്യാപകർ മുൻകൈയെടുത്ത് സാധിച്ചുകൊടുക്കും. ഇങ്ങനെ ആഗ്രഹപ്പെട്ടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി അസ്നമോൾ ഏഴുതിയിട്ട കുറിപ്പ് വായിച്ച അധ്യാപകരാണ് ആഗ്രഹം സാധിച്ചുകൊടുത്തത്.
‘എന്റെ കൂട്ടുകാരിയായിരുന്നു കുഞ്ഞാറ്റ ആട്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ. എന്നാൽ, വാപ്പയുടെ ചികിത്സക്ക് കാശ് തികയാതെ വന്നപ്പോൾ ഉമ്മ അവളെ വിറ്റു. കുഞ്ഞാറ്റയെ വിറ്റതോടെ വലിയ സങ്കടത്തിലാണ് ഞാൻ. എനിക്ക് ഒരു ആടിനെ വാങ്ങി നൽകാമോ’ ഇതായിരുന്നു അസ്നമോൾ ആഗ്രഹപ്പെട്ടിയിൽ എഴുതിയിട്ട കുറിപ്പ്.
സമ്മാനമായി കിട്ടിയ ആടിനും കുഞ്ഞാറ്റ എന്ന പേരുതന്നെയിട്ടു. പരിമിതികൾ ഏറെയുള്ള ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂളിലെ ഓരോ അധ്യാപകരുടെയും ഇടപെടലുകൾ ആ പരിമിതികളെയെല്ലാം മറികടക്കുന്നതാണ്. അത്തരം ഇടപെടലാണ് സ്കൂളിലെ ആഗ്രഹപ്പെട്ടി (മാജിക് പെട്ടി). കുട്ടികളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുക എന്നതാണ് ആഗ്രഹപ്പെട്ടികൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും ആദിവാസി ഊരുകളിൽനിന്ന് എത്തുന്നവരാണ്. കൈത്താങ്ങ് കൂട്ടായ്മയുടെ സഹായത്തോടെയാണ് സ്കൂളിൽ ആഗ്രഹപ്പെട്ടി സ്ഥാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.