പെരിങ്ങമ്മലയിൽ ലീഗ് അംഗത്തെ കോൺഗ്രസ് തട്ടിയെടുത്ത് വഞ്ചിച്ചതായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി
text_fieldsപാലോട്: പെരിങ്ങമ്മലയിൽ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ ലീഗ് അംഗത്തെ കോൺഗ്രസ് തട്ടിയെടുത്ത് വഞ്ചിച്ചതായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ധാരണപ്രകാരം വൈസ് പ്രസിഡൻറ് സ്ഥാനം നൽകേണ്ടിയിരുന്ന മുൻ പ്രസിഡൻറ് കൂടിയായ ലീഗ് അംഗം നസീമാ ഇല്യാസിനെ ഒഴിവാക്കി മറ്റൊരംഗമായ വസന്തയെ വിജയിപ്പിച്ച നടപടിയാണ് ലീഗിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിൽ 19 സീറ്റുകളുള്ളതിൽ 2015ൽ യു.ഡി.എഫ് സഖ്യത്തിൽ കോൺഗ്രസ് 14 സീറ്റിൽ മത്സരിച്ച് മൂന്ന് സീറ്റും ലീഗ് അഞ്ച് സീറ്റിൽ മത്സരിച്ച് മൂന്നു സീറ്റും നേടിയിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധി ചർച്ചകൾക്കുശേഷവും തോറ്റ സീറ്റുകൾ വെച്ചുമാറുന്നതടക്കമുള്ള കാര്യങ്ങളിൽ തീർപ്പാകാതെ വന്നതിനാൽ സംസ്ഥാന യു.ഡി.എഫിെൻറ സ്റ്റാറ്റസ്കോ പാലിക്കണമെന്ന നയത്തിെൻറ അടിസ്ഥാനത്തിൽ 2015ൽ മത്സരിച്ച സീറ്റുകളിൽ ഇരുകക്ഷികളും മത്സരിക്കാൻ ധാരണയാവുകയും മേൽഘടകങ്ങൾ ഇതിന് അംഗീകാരം നൽകുകയും ചെയ്തു.
ലീഗിെൻറ മൂന്ന് വാർഡുകളിൽ കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡൻറ് റിബലുകളെ രംഗത്തിറക്കി ഔദ്യോഗിക സ്ഥാനാർഥികളെ തോൽപിച്ചു. വലിയ ഭൂരിപക്ഷത്തിൽ പഞ്ചായത്ത് ഭരണം നേടാവുന്ന സാഹചര്യമുണ്ടായിട്ടും കോൺഗ്രസിന് ആറ് അംഗങ്ങളും ലീഗിന് രണ്ട് അംഗങ്ങളുമായി യു.ഡി.എഫ് എട്ട് സീറ്റിലൊതുങ്ങിയപ്പോൾ, റിബലുകൾ മൂന്നുസീറ്റിലും എൽ.ഡി.എഫ് ഏഴ് സീറ്റിലും ബി.ജെ.പി ഒരു സീറ്റിലും ജയിച്ച് ഭരണം അനിശ്ചിതത്വത്തിലായി. ഈ ഘട്ടത്തിലാണ് റിബലുകളുടെ നിരുപാധിക പിന്തുണ യു.ഡി.എഫ് ഉറപ്പിച്ചത്. ഭാരവാഹി തെരഞ്ഞെടുപ്പ് ദിവസം കെ.പി.സി.സി നിർവാഹക സമിതി അംഗത്തിെൻറ സാന്നിധ്യത്തിൽ ചേർന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെയും വാർഡ് അംഗങ്ങളുടെയും യോഗ ധാരണയനുസരിച്ച് നസീമ ഇല്യാസ് പേര് നിർദേശിക്കുകയും കോൺഗ്രസിലെ ഷിനു മടത്തറ 11 വോട്ടുകൾ നേടി പ്രസിഡൻറാവുകയും ചെയ്തു.
വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നസീമ ഇല്യാസിെൻറ പേര് വസന്ത നിർദേശിക്കണമെന്നും കോൺഗ്രസിലെ ഗീത പ്രിജി പിന്താങ്ങണമെന്നുമായിരുന്നു ധാരണ. എന്നാൽ, യോഗം ആരംഭിച്ചപ്പോൾ വസന്തയുടെ പേര് റിബലുകളിൽ ഒരാൾ നിർദേശിക്കുകയും മറ്റൊരാൾ പിന്താങ്ങുകയുമായിരുന്നു. നസീമ ഇല്യാസ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയപ്പോൾ കോൺഗ്രസിെൻറ അംഗങ്ങളുൾപ്പെടെ വോട്ട് ചെയ്ത് വസന്തയെ ജയിപ്പിച്ചു. ലീഗ് അംഗത്തെ തട്ടിയെടുക്കാൻ കോൺഗ്രസിലെ ഒരുവിഭാഗം മുൻകൂട്ടി തയാറാക്കിയ പദ്ധതിയാണ് കമ്മിറ്റിയിൽ നടപ്പാക്കിയതെന്നാണ് മുസ്ലിം ലീഗിെൻറ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.