മോഷണ, ക്രിമിനൽ കേസ് പ്രതികൾ അറസ്റ്റിൽ
text_fieldsപാലോട്: മോഷണം ഉൾെപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽപെട്ട നാല് പ്രതികൾ അറസ്റ്റിൽ. പെരിങ്ങമ്മല പറക്കോണത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അക്രമം കാണിച്ച ശേഷം ഒളിവിലായിരുന്ന പെരിങ്ങമ്മല പറക്കോണം തടത്തരികത്തുവീട്ടിൽ അനു എന്ന സുമേഷ് (20), പെരിങ്ങമ്മല ജവഹർ കോളനി ബ്ലോക്ക് നമ്പർ 15ൽ അൻസിൽ (21), പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനിൽ ചാഞ്ചു എന്ന രതീഷ് (30), പെരിങ്ങമ്മല മീരൻപെട്ടിക്കരിക്കകം റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം സുമേഷും അൻസിലും രതീഷും മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് ഒരു ബുള്ളറ്റ് മോഷ്ടിച്ച് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. പിന്നീട് ബുള്ളറ്റ് നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച ശേഷം പ്രതികളിൽ ഒരാളുടെ പൾസർ ബൈക്കിൽ മൂവരും വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പൂർ, മലമ്പറക്കോണത്തുള്ള കടയുടമയായ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചുകടന്നു.
ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പറണ്ടോട് ചേരപ്പള്ളി എന്ന സ്ഥലത്തും കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കിരാല എന്ന സ്ഥലത്തു നിന്നും കടയിൽ കയറി സിഗരറ്റും മറ്റും വാങ്ങിയ ശേഷം കടയുടമകളായ സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്തു. മോഷണസാധനങ്ങൾ കേസിലെ നാലാം പ്രതിയായ റിയാസിന്റെ സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ വിൽക്കുകയും ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം െവക്കുകയും ചെയ്തു. തുടർന്ന് ആഡംബര വാഹനങ്ങൾ വാടകക്കെടുത്ത് കറങ്ങിനടക്കുകയായിരുന്നു.
പ്രതികളെക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനെതുടർന്ന് കഴിഞ്ഞദിവസം പാലോട് എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടരുന്നതിനിടെ പെരിങ്ങമ്മല കുണ്ടാളൻകുഴി എന്ന സ്ഥലത്ത് െവച്ച് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇവരെ പിന്തുടർന്ന് കൊല്ലം ജില്ലയിലെ കൊട്ടിയത്ത് െവച്ച് കൊട്ടിയം പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പാലോട് സി.ഐയും സംഘവും പിടികൂടുകയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് മോഷണ മുതലുകളും മോഷണത്തിനുപയോഗിച്ച ബൈക്കും കണ്ടെത്തി. പ്രതികളുടെ പേരിൽ നെടുമങ്ങാട്, പാലോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിലെ മാല പൊട്ടിക്കൽ കേസുകൾ നിലവിലുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ദിവ്യ ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി എ.കെ. സുൾഫിക്കർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ജി.എസ്.ഐ മാരായ റഹിം, ഉദയകുമാർ, വിനോദ് വി.വി, ഷിബു കുമാർ തുടങ്ങിയവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.